'ഡിഎംകെയുടെ പേരിൽ വരുന്ന എല്ലാ പോസ്റ്റുകൾക്കും എനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല': എം കെ സ്റ്റാലിൻ
text_fieldsഎം കെ സ്റ്റാലിൻ
ചെന്നൈ: ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായി എന്നതുകൊണ്ടുമാത്രം പാർട്ടിയിലെ വിവിധ ഘടകങ്ങളോ ഭാരവാഹികളോ സോഷ്യൽ മീഡിയയിൽ ഇടുന്ന ഓരോ പോസ്റ്റിനും താൻ നിയമപരമായി ഉത്തരവാദിയാകില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മദ്രാസ് ഹൈകോടതിയിൽ. തമിഴ്നാട് പൊതുമരാമത്ത്–കായിക മന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ ആധവ് അർജുന ഫയൽ ചെയ്ത ഒരു കോടി രൂപയുടെ സിവിൽ അപകീർത്തിക്കേസിലെ ഇടക്കാല ഇളവ് ഹരജികളെ എതിർത്തുകൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
258 കോടി രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസിലെ മുഖ്യ സൂത്രധാരനെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിച്ച ജോൺ ബ്രിട്ടോ എന്ന വ്യക്തിക്ക് ആധവ് അർജുനയുമായി ബന്ധമുണ്ടെന്ന തരത്തിൽ ഡി.എം.കെ ഐ.ടി വിംഗ് ജൂൺ 8-ന് ഒരു 'എക്സ്' പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിനും ഐ.ടി വിംഗിനുമെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരവും മാപ്പപേക്ഷയും ആവശ്യപ്പെട്ട് അർജുന ഹൈകോടതിയെ സമീപിച്ചത്. പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾക്ക് മേൽ തനിക്ക് ഭരണപരമായ നിയന്ത്രണമുണ്ടെന്നത് ശരിയാണെങ്കിലും, അവരുടെ വ്യക്തിഗത പ്രവൃത്തികൾക്ക് പാർട്ടി തലവൻ എന്ന നിലയിൽ താൻ നിയമപരമായി ബാധ്യസ്ഥനാകില്ലെന്നാണ് സ്റ്റാലിന്റെ പ്രധാന വാദം. അർജുനയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ മയക്കുമരുന്ന് കേസിലെ പ്രതിയുമായി ബന്ധിപ്പിച്ചുകൊണ്ട് പോസ്റ്റിടാൻ താൻ ആർക്കും നിർദ്ദേശമോ അനുമതിയോ നൽകിയിട്ടില്ലെന്നും സ്റ്റാലിൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തർക്കത്തിന് ആധാരമായ സോഷ്യൽ മീഡിയ പോസ്റ്റ് ഡി.എം.കെ ഐ.ടി വിംഗ് നേരത്തെ തന്നെ നീക്കം ചെയ്തിട്ടുള്ളതിനാൽ, പോസ്റ്റ് പിൻവലിക്കണമെന്ന ഹരജിക്കാരന്റെ അപേക്ഷ നിലനിൽക്കുന്നതല്ലെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. കൂടാതെ, ഇ.ഡി പത്രക്കുറിപ്പിൽ പറയുന്ന ജോൺ ബ്രിട്ടോ താനല്ലെന്ന് വ്യക്തമാക്കി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയ ഫിലിപ്പ് ജോൺ ബ്രിട്ടോ എന്നൊരു ബന്ധു തനിക്കുണ്ടെന്ന് അർജുന തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ ഓർമിപ്പിച്ചു. അർജുനയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ നിലവിലുള്ള വിവിധ ക്രിമിനൽ കേസുകളെക്കുറിച്ച് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, പല വസ്തുതകളും മറച്ചുവെച്ചാണ് മന്ത്രി കോടതിയെ സമീപിച്ചതെന്നും വാദിച്ചു.
2026 മാർച്ചിൽ നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തിൽ തന്നെ 'വിഡ്ഢിയായ മുഖ്യമന്ത്രി' എന്ന് രണ്ട് തവണ അർജുന പരസ്യമായി അധിക്ഷേപിച്ചിരുന്നുവെന്നും, എതിർ രാഷ്ട്രീയ നേതാവിനെതിരെ ഇത്തരത്തിൽ ഭാഷ പ്രയോഗിച്ച വ്യക്തിക്ക് ഇപ്പോൾ സ്വന്തം പ്രതിച്ഛായ തകർന്നു എന്ന് വാദിക്കാൻ ധാർമിക അവകാശമില്ലെന്നും സ്റ്റാലിൻ സത്യവാങ്മൂലത്തിൽ രൂക്ഷമായി പരിഹസിച്ചു. ജനപ്രതിനിധികളെയും ഭരണാധികാരികളെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, ഭരണത്തിലിരിക്കുന്ന മന്ത്രിയെ വിമർശിക്കുന്നതിൽ നിന്ന് പ്രതിപക്ഷ പാർട്ടികളെ തടയുന്നത് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും സ്റ്റാലിൻ കോടതിയെ ബോധിപ്പിച്ചു. അഡ്വക്കേറ്റ് റിച്ചാർഡ് വിൽസൺ മുഖേനയാണ് സ്റ്റാലിൻ മദ്രാസ് ഹൈകോടതി ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതിയുടെ ബെഞ്ചിന് മുൻപാകെ സത്യവാങ്മൂലം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

