Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്തർ മന്തർ 2.0 അടിച്ചമർത്തുന്നതിനെതിരെ സ്റ്റാലിൻ; 'അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു'

text_fields
bookmark_border
ജന്തർ മന്തർ 2.0 അടിച്ചമർത്തുന്നതിനെതിരെ സ്റ്റാലിൻ; അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു
cancel

ചെന്നൈ: വോട്ടർപട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 'ജന്തർ മന്തർ 2.0' സമരത്തെ അടിച്ചമർത്തുന്ന ഡൽഹി പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ. മുൻകാല സ്വേച്ഛാധിപത്യ ഭരണകാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങളെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.

"ഇന്ന് ഡൽഹിയിൽ അരങ്ങേറുന്ന കാഴ്ചകളും സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തുന്ന ക്രൂര നടപടികളും ഞാൻ അനുഭവിച്ച അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. ഡൽഹിയിലും രാജ്യത്തുടനീളവും കരുതൽ തടങ്കലിലാക്കിയ എല്ലാ രാഷ്ട്രീയ നേതാക്കളെയും വിദ്യാർത്ഥികളെയും യുവപ്രതിഷേധക്കാരെയും ഉടൻ മോചിപ്പിക്കണം. ബി.ജെ.പിയുടെ ദൗത്യ സംഘത്തെപ്പോലെ പ്രവർത്തിക്കുകയും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിനെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യപരമായ അവകാശം സമാധാനപരമായി വിനിയോഗിക്കുന്ന യുവാക്കൾക്കെതിരായ ആക്രമണം കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണം. വിയോജിപ്പ് കുറ്റമല്ല, അതിനെ പ്രതിരോധിക്കാൻ എഴുന്നേറ്റുനിൽക്കുന്നവരെ നിശബ്ദമാക്കിക്കൊണ്ട് ജനാധിപത്യത്തിന് നിലനിൽക്കാനാകില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ചർച്ചയ്ക്ക് അതീതമാണ്. അദ്ദേഹത്തിന്റെ രാജിക്ക് അപ്പുറം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാ സംവിധാനത്തിന് വരുത്തിയ എല്ലാ നാശനഷ്ടങ്ങളും പരിഹരിച്ച് അതിന്റെ സ്വാതന്ത്ര്യവും സമഗ്രതയും പുനഃസ്ഥാപിക്കണം"- സ്റ്റാലിൻ എക്സിൽ കുറിച്ചു.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രസ്താവന. സമരത്തെ നേരിടാൻ യുദ്ധസമാന സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സമരക്കാർ ജന്തർ മന്തറിൽ എത്തുന്നത് തടയാൻ ഡൽഹിയിൽ രാഷ്ട്രീയ നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും വ്യാപകമായി കരുതൽ തടങ്കലിലേക്ക് മാറ്റുകയാണ് പോലീസ്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വനിതകൾ അടക്കം ആയിരക്കണക്കിന് പേരെ ഇതിനകം പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MK Stalin against the suppression of the Jantar Mantar 2.0 protest
Next Story