മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് 17 മരണം -വിഡിയോ
text_fieldsഐസോൾ: മിസോറമിലെ ഐസോൾ ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 18 തൊഴിലാളികൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അഞ്ചു പേരെ കാണാതായി. തലസ്ഥാനമായ ഐസോളിൽനിന്ന് 21 കിലോമീറ്റർ അകലെ സൈരാംഗ് മേഖലയിൽ രാവിലെ 10 മണിയോടെയാണ് സംഭവം.
കുറുങ് നദിക്കു കുറുകെ 100 മീറ്റർ ഉയരമുള്ള പാലത്തിൽ സ്ഥാപിക്കുന്ന ഉരുക്കുഘടന തകർന്നാണ് അപകടമെന്ന് റെയിൽവേ അറിയിച്ചു. ഭൈരവി-സൈരാംഗ് റെയിൽവേ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള 130 പാലങ്ങളിൽ ഒന്നാണിത്.
മരിച്ചവരിൽ ഏറെയും പശ്ചിമ ബംഗാൾ സ്വദേശികളാണ്. 12 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ പുകുരിയ, ഇംഗ്ലീഷ് ബസാർ, മണിക്‌ചക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. 16 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപവത്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറം മുഖ്യമന്ത്രി സോറംതംഗയും സംഭവത്തിൽ അനുശോചിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മമത ബാനർജി മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

