ഈ കോവിഡ് വാർഡിന്‍റെ നിലം തുടയ്ക്കുന്നത് ഒരു മന്ത്രിയാണ്; മിസോറാമിലെ 'മിനിസ്റ്റർ ക്ലീൻ'
text_fieldsഐസ്വാള്‍: ഒരു ആശുപത്രിയിലെ കോവിഡ് വാർഡിന്‍റെ നിലം തുടയ്ക്കുന്ന രോഗിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോൾ. രോഗിയെ നെറ്റിസൺസ് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയുമാണ്. ഇതിൽ ഇത്രക്ക് അഭിനന്ദിക്കാൻ എന്തിരിക്കുന്നുവെന്ന് ചിന്തിക്കാൻ വരട്ടെ. ആ നിലം തുടയ്ക്കുന്ന രോഗി ഒരു സംസ്ഥാനത്തിന്റെ മന്ത്രിയാണ്. മിസോറാമിലെ വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി ആര്‍. ലാല്‍സിര്‍ലിയാനയാണ് താൻ ചികിത്സയിൽ കഴിയുന്ന കോവിഡ്വാർഡ് വൃത്തിയാക്കി കയ്യടി നേടിയത്.
സോറം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മന്ത്രി ചികിത്സയിൽ കഴിയുന്നത്. മന്ത്രിയും ഭാര്യയും മകനും ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ, ഈമാസം 12ന് ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് 71കാരനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച അദ്ദേഹം വാർഡിന്‍റെ നിലം തുടയ്ക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. മന്ത്രി വാര്‍ഡ് വൃത്തിയാക്കുന്നത് ശ്രദ്ധയിൽപ്പെട്ടആശുപത്രി ജീവനക്കാരിലൊരാളാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ, ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ അപമാനിക്കുകയായിരുന്നില്ല തന്‍റെ ഉദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വാര്‍ഡ് വൃത്തിഹീനമായി കിടക്കുന്നത് കണ്ട് തൂപ്പുകാരനെ വിളിച്ചെങ്കിലും ആരും എത്തിയില്ല. തുടര്‍ന്നാണ് വാര്‍ഡ് വൃത്തിയാക്കാന്‍ താൻ നേരിട്ട് രംഗത്തിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
'തൂത്തുവാരുന്നതും നിലം തുടയ്ക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും ഒന്നും എനിക്ക് പുതുമയുള്ള കാര്യമല്ല. സമയമുള്ളപ്പോള്‍ വീട്ടിൽ ഞാൻ ഇത്തരം ജോലികള്‍ ചെയ്യാറുണ്ട്. മറ്റിടങ്ങളിൽ ആണെങ്കിലും ചെയ്യേണ്ടി വന്നാല്‍ ഞാനത് ചെയ്യും. മന്ത്രിയായതുകൊണ്ട് മാത്രം ഞാന്‍ മറ്റുള്ളവരില്‍ നിന്ന് ഉയര്‍ന്നവനാണെന്ന് കരുതുന്നില്ല. ഒരു ഉദാഹരണം കാട്ടി മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകാനാണ് ഞാൻ ശ്രമിച്ചത്'- ലാല്‍സിര്‍ലിയാന പറഞ്ഞു. ആശുപത്രിയില്‍ മന്ത്രിയെന്ന നിലയിൽ തനിക്ക് വി.ഐ.പി. പരിഗണന ആവശ്യമില്ലെന്നും മിസോ നാഷണൽ ഫ്രണ്ട് നേതാവായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.ഐ.പി സംസ്‌കാരത്തോട് നോ പറഞ്ഞുകൊണ്ട് കോവിഡ് കാലത്ത് സ്വന്തം പദവി പോലും പോലും നോക്കാതെ ജോലി ചെയ്ത മന്ത്രിയെ ഇപ്പോൾ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. മന്ത്രിയുടെ ഫോട്ടോക്കും വാക്കുകള്‍ക്കും വലിയ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. യഥാര്‍ഥ പൊതുപ്രവര്‍ത്തകന്‍ എന്ന് ചിലര്‍ വിശേഷിപ്പിച്ചപ്പോൾ മറ്റ് നേതാക്കള്‍ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

