‘എസ്.ഐ.ആറിൽ ഫോം -7ന്‍റെ ദുരുപയോഗം വ്യാപകം’; തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്.ഐ.ആർ) എതിർപ്പുകളും ക്ലെയിമുകളും ഉന്നയിക്കാനുള്ള ഘട്ടത്തിൽ പൂരിപ്പിച്ച് നൽകേണ്ട ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കോൺഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് വിശദമായ കത്തെഴുതി. ഫോം-7 അപേക്ഷകൾ ദുരുപയോഗം ചെയ്ത് വോട്ടർ പട്ടികയിൽനിന്ന് യോഗ്യതയുള്ള വോട്ടർമാരുടെ പേരുകൾ വൻ തോതിൽ ടാർഗറ്റ് ചെയ്ത് വെട്ടിമാറ്റുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും തെരഞ്ഞെടുപ്പ് കമീഷണർമാർക്കും അയച്ച കത്തിൽ അദ്ദേഹം എടുത്തു പറയുന്നു.
അത് തടഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പിലെ ഗുണം ഭരണകക്ഷിയായ ബി.ജെ.പിക്ക് പോകും. മാത്രമല്ല, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷം എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ വോട്ടർമാരുടെയും മുതിർന്ന പൗരന്മാരുടെയും വോട്ടവകാശം നിഷേധിക്കപ്പെടുന്നതിൽ കലാശിക്കുകയും ചെയ്യും. മരണം, ഇരട്ടിപ്പ് മുതലായ വസ്തുനിഷ്ഠമായ കാര്യങ്ങളിലെ എതിർപ്പ് അറിയിക്കാനുള്ളതാണ് 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾക്ക് കീഴിലുള്ള ഫോം-7. അഭ്യൂഹം വെച്ചുള്ള എതിർപ്പിനുള്ളതല്ല. നിയമപരമായി സ്‍പഷ്‍ടമായ ചട്ടക്കൂടുണ്ടായിട്ടും അമ്പരപ്പിക്കുന്ന തരത്തിലാണ് ലംഘനങ്ങൾ നടക്കുന്നതെന്നും കമീഷൻ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ ആശങ്ക ഉളവാക്കുന്നതാണ്. ഏകീകൃത രീതിയിലാണ് ദുരുപയോഗം നടക്കുന്നത്. ചില വിഭാഗങ്ങളിൽ പെടുന്ന വോട്ടർമാരെ ലക്ഷ്യമിട്ട് സംഘടിത സംവിധാനത്തിലൂടെയാണ് അത് നടക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. അസമിൽ ഭരണകക്ഷിയിലെ പ്രവർത്തകർ തെരഞ്ഞെടുപ്പ് ഡാറ്റാബേസിൽ അനധികൃതമായി കടന്നുകയറി വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റുന്ന റിപ്പോർട്ടുകളും ഉണ്ടെന്ന് കത്തിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

