നളന്ദയിലെ സി.പി.ഐ കേഡറുകൾ ചോദിക്കുന്നു: ഞങ്ങളുടെ വോട്ടെവിടെ?
text_fieldsന്യൂഡൽഹി: വോട്ടെണ്ണിയതിന്റെ പിറ്റേന്ന് രാവിലെ നളന്ദ ജില്ലയിലെ ബഡീ പഹാഡി, ഛോട്ടി പഹാഡി, മൻസൂർ നഗർ ബൂത്തുകളിൽ നിന്നുള്ള ഒരു കൂട്ടം സഖാക്കൾ സി.പി.ഐ സ്ഥാനാർഥിയെ തേടിയെത്തി. വോട്ടെണ്ണാനായി വോട്ടുയന്ത്രം തുറന്നപ്പോൾ ബിഹാർ ശരീഫ് മണ്ഡലത്തിലെ 18, 19, 20 വാർഡുകളിലെ സി.പി.ഐയുടെ കേഡറുകൾ നൽകിയ 10,000ത്തിലേറെ വോട്ടുകൾ എങ്ങനെ കാണാതായെന്നാണ് സി.പി.ഐ പ്രാദേശിക നേതാവ് കൂടിയായ സ്ഥാനാർഥി ശിവകുമാർ യാദവിനോട് ഇവർ ചോദിക്കുന്നത്.
10,000ത്തിലേറെ വോട്ടുചെയ്ത സി.പി.ഐയുടെ ഈ സ്വാധീന മേഖലയിലെ വോട്ടുയന്ത്രങ്ങൾ തുറന്നപ്പോൾ 300 വോട്ടുമാത്രം കണ്ടതിന്റെ അമ്പരപ്പ് മാറിയിട്ടില്ല. പാർട്ടി വോട്ടുകൾ പോളിങ് ദിവസം ബൂത്തുകളിലെത്തിച്ചതിന്റെ കണക്കുമായാണ് 19-ാം വാർഡിലെ ഉമേഷ് ചന്ദ് ചൗധരിയും 20-ാം വാർഡിലെ കിഷോരി സാഹുവും സോൻസയിലെ വിക്വി പാസ്വാനും തനിക്ക് മുന്നിലെത്തിയതെന്ന് ശിവകുമാർ യാദവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മണ്ഡലത്തിൽ സി.പി.ഐയുടെ ‘മോസ്കോ’ ആയ ഈ മൂന്ന് വാർഡുകളിലെ 20 ബൂത്തുകളിൽ നിന്നായി വോട്ടു നാളിൽ പാർട്ടി എടുത്ത കണക്ക് പ്രകാരം 10,000ത്തിലേറെ വോട്ടുകൾ പോൾ ചെയ്യിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ 300 വോട്ടുകൾ മാത്രം കാണിച്ച വോട്ടുയന്ത്രം ചില ബൂത്തുകളിൽ സി.പി.ഐക്ക് ഒന്നും രണ്ടും വോട്ടുകൾ മാത്രം കാണിക്കുകയും ചെയ്തു.
ശിവകുമാർ യാദവിന് ചെയ്ത വോട്ടുകൾ യന്ത്രം തുറന്നപ്പോൾ കണ്ടില്ലെന്ന പരാതി ശരിവെച്ച 20-ാം വാർഡിലെ സി.പി.ഐ കേഡർ രാജേന്ദ്ര യാദവ് വോട്ടുനാളിൽ നൂറുകണക്കിനാളുകൾക്ക് വോട്ടുചേയ്യാനാകാതെ പോയതിന്റെ അനുഭവവും പങ്കുവെച്ചു. എസ്.ഐ.ആർ എന്യുമറേഷൻ ഫോറം പൂരിപ്പിച്ച് നൽകിയ 500ലേറെ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ പേരില്ലെന്നു പറഞ്ഞ് തിരിച്ചയച്ചതെന്ന് രാജേന്ദ്ര യാദവ് പറഞ്ഞു.
പോളിങ് ബൂത്തിൽ കൊണ്ടുപോകാനുള്ള വോട്ടർ സ്ലിപ് ബൂത്ത് തല ഓഫിസർ (ബി.എൽ.ഒ) വീടുകളിൽ വിതരണം ചെയ്തപ്പോൾ ഇവരെ ഒഴിവാക്കിയപ്പോഴേ സംശയമുണ്ടായിരുന്നു. വിട്ടുപോയതായിരിക്കുമെന്ന് കരുതി തിരിച്ചറിയൽ രേഖകളുമായി 11ന് ബൂത്തുകളിലെത്തിയപ്പോഴാണ് വെട്ടിമാറ്റിയത് മനസ്സിലായതെന്നും രാജേന്ദ്ര യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

