കശ്മീരിൽ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെടുത്തു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ലോകിപോരയിൽ നിന്നും കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെടുത്തു. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സമീർ അഹമ്മദ് മല്ല എന്ന സൈനികനെ ഖാഗ് ബുദ്ഗാമിലെ ലോക്കിപോര ഗ്രാമത്തിൽ നിന്ന് കാണാതായത്.
ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ നിന്നുള്ള സൈനികന്റെ മൃതദേഹം ലോകിപോരയിൽ നിന്നും 61 കിലോമീറ്റർ അകലെയുള്ള ഖാഗിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
ജമ്മുവിൽ നിയമനം ലഭിച്ച സമീർ അഹമ്മദ് മല്ല ഭാര്യ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയതിനെ തുടർന്ന് അവധിയിലായിരുന്നു. ലോകിപോരയിലെ വസതിയിൽ അവധിക്കെത്തിയ സമയത്താണ് മല്ലയെ കാണാതായത്. ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നിറങ്ങിയ മല്ലയെക്കുറിച്ച് പിന്നീട് വിവരമമൊന്നും ലഭിച്ചിരുന്നില്ലെന്ന് ബന്ധു ഹബീബുള്ള മാലിക് പറഞ്ഞു.
ഏഴ് ദിവസം മുൻപാണ് കുഞ്ഞ് ജനിച്ചത്. ഇതിനെതുടർന്ന് മല്ല മഴമ ഗ്രാമത്തിലെ വീട്ടിൽ രാത്രി ചെലവഴിക്കുകയും പകൽ ലോകിപോരയിലെ വസതിയിലേക്ക് പോകുകയുമാണ് പതിവെന്നും ഹബീബുള്ള പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.