മഹാരാഷ്ട്രയിൽ ഒമ്പതു വയസുകാരിയെ കാണാതായി; പൊലീസ് 24 മണിക്കൂറിനകം കണ്ടെത്തി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ നിന്ന് ഒമ്പതു വയസുകാരിയെ കാണാതായി. 24 മണിക്കൂറിനകം പൊലീസ് മുംബൈയിൽ നിന്ന് കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏൽപിച്ചു. മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ വാഗ്ലെ എസ്റ്റേറ്റിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് അവളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
തട്ടിക്കൊണ്ടു പോകലിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. താനെ പൊലീസിലെ ചൈൽഡ് സംരക്ഷണ യൂനിറ്റ് കുട്ടിയെ കണ്ടെത്താൻ അന്വേഷണവും തുടങ്ങി. മുംബൈയിലെ സർക്കാർ, സ്വകാര്യ വിമൻ-ചൈൽഡ് കെയർ സെന്ററുകളെല്ലാം ഇവർ പരിശോധിച്ചു. മുംബൈയിലെ ചൈൽഡ് കെയർ സെന്ററിൽ കുട്ടിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം അവിടെയെത്തി. കുട്ടിയുടെ ഫോട്ടോ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു.
വിഡിയോ കാൾ നടത്തുകയും ചെയ്തത് വഴി കുട്ടി അതാണെന്ന് സ്ഥിരീകരിച്ചു. പെൺകുട്ടി അബദ്ധത്തിൽ ട്രെയിനിൽ കയറി മുംബൈയിലെത്തുകയായിരുന്നുവെന്നും അവിടെ നിന്ന് റെയിൽ വെ പൊലീസ് ചൈൽഡ് കെയർ സെന്ററിൽ ഏൽപിക്കുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.