ലഖ്നോവിൽ കാണാതായ 16 കാരി മരിച്ച നിലയിൽ; കൊലപാതകത്തിന് പിന്നിൽ പിതാവ്, കൃത്യം നടത്തിയത് കുടുംബത്തിന്‍റെ മാനം കാക്കാനെന്ന് പ്രതിയുടെ മൊഴി
text_fieldsലഖ്‌നോ: കാണാതായ 16 വയസ്സുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചത് നാടിനെ നടുക്കിയ കൊലപാതകത്തിൽ. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് വന്ദന ചൗബേ എന്ന കമാരക്കാരി തന്‍റെ പിതാവിന്‍റെ കൊടുംക്രൂരതക്കിരയായി. ഉത്തർപ്രദേശിലെ ലഖ്നോവിലാണ് പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു ഇയാൾ.
ലഖ്‌നോവിലെ ഒരു സർവകലാശാലയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു വന്ദനയുടെ പിതാവായ വിജയ് കുമാർ ചൗബേ. കഴിഞ്ഞ ആഗസ്റ്റിൽ വന്ദന കാമുകനോടൊപ്പം വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ ഇയാളുടെ പരാതിയിൽ ജയിലിലടയ്ക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം നവംബറിൽ ജയിൽ മോചിതനായ യുവാവുമായി വന്ദന വീണ്ടും ബന്ധം തുടർന്നു. മകളുടെ ഈ ബന്ധം കുടുംബത്തിന് വലിയ അപമാനമുണ്ടാക്കിയതായി വിജയകുമാർ വിശ്വസിച്ചു. തുടർന്ന് ഈ അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറേണ്ടി വന്നതും ഇയാളെ പ്രകോപിപ്പിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രണയത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടി തയ്യാറായിരുന്നില്ല.
മകളുടെ പിടിവാശിയിൽ മനംമടുത്ത ചൗബേ തന്റെ സുഹൃത്തായ അബ്ദുൾ മന്നാനുമായി ചേർന്ന് സ്വന്തം മകളെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു. ബാധയൊഴിപ്പിക്കാനെന്ന വ്യാജേന ഏപ്രിൽ 13 ന് പെൺകുട്ടിയെ രാജസ്ഥാനിലേക്ക് കൊണ്ടുപോകുന്നതിനായി ഇവർ ഒരു കാർ വാടകയ്‌ക്കെടുത്ത് യാത്ര തിരിച്ചു. യാത്രയ്ക്കിടെ ബരാബങ്കിയിലെ വിജനമായ സ്ഥലത്ത് വെച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു. പിന്നീട് മൃതദേഹം ശാരദ കനാലിൽ തള്ളാനായിരുന്നു പദ്ധതിയെങ്കിലും വാഹനങ്ങൾ വരുന്നത് കണ്ട് ഭയന്ന ഇരുവരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഏപ്രിൽ 16-ന് ചൗബേ തന്റെ മകളെ കാണാനില്ലെന്ന വ്യാജ പരാതി പൊലീസ് സ്റ്റേഷനിൽ നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുടുംബത്തിന്റെ മാനം കാക്കാൻ വേണ്ടിയാണ് താൻ മകളെ കൊന്നതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ ചൗബേ സമ്മതിച്ചു. പ്രതി വിജയ് കുമാറിനോടൊപ്പം സഹായി അബ്ദുൾ മന്നാനെയും (45) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

