മിസൈൽ പ്രതിരോധ കവചം: രണ്ടാം ഘട്ടം പൂർത്തിയാക്കി ഇന്ത്യ
text_fieldsന്യൂഡൽഹി: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണം പ്രതിരോധിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (ബി.എം.ഡി) കവചത്തിന്റെ അന്തിമ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ജൂൺ 10, 11തീയതികളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ നടത്തിയ പരീക്ഷണങ്ങളുടെ വിജയത്തോടെ ഈ ശേഷി സ്വായത്തമാക്കിയ ചുരുക്കം ചില വൻകിട രാജ്യങ്ങളുടെ ഗണത്തിൽ ഇന്ത്യക്കും അഭിമാനകരമായ സ്ഥാനം ലഭിച്ചിരിക്കുകയാണ്.
ആകാശത്തും ബഹിരാകാശത്തും നിന്നുള്ള ടാർഗറ്റുകൾ തകർക്കാൻ കഴിയുന്നതാണ് പരീക്ഷണ വിജയം കൈവരിച്ച ഈ മിസൈൽ സംവിധാനം. നേർക്കുനേർ ചീറിയടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തകർക്കുന്നതായിരുന്നു രണ്ട് ഇന്റർസെപ്റ്റർ മിസൈലുകൾ ഉൾപ്പെട്ട പരീക്ഷണങ്ങളെന്ന് ഡി.ആർ.ഡി.ഒ പ്രസ്താവനയിൽ അറിയിച്ചു.
ഉരുത്തിരിയുന്ന മിസൈൽ ഭീഷണികൾ നിർവീര്യമാക്കാൻ നൂതന സാങ്കേതിക വിദ്യകളോടെ വികസിപ്പിച്ചതാണ് ഈ സംവിധാനമെന്ന് പ്രസ്താവന വിശദീകരിച്ചു. രണ്ട് തലങ്ങളിലായി ഭൗമാന്തരീക്ഷത്തിനകത്തും ബഹിരാകാശത്തും പ്രയോഗിക്കാവുന്നതാണ് ഈ പ്രതിരോധ സംവിധാനം.
മിസൈൽ ശേഷിയിൽ ചൈനയുടെ മുന്നേറ്റത്തിന്റെയും 1998ൽ പാകിസ്താൻ ആണവ പരീക്ഷണം നടത്തിയതിന്റെയും പശ്ചാത്തലത്തിലും കാർഗിൽ യുദ്ധത്തെ തുടർന്നും 1999 ലാണ് ഇന്ത്യയുടെ ബി.എം.ഡി പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് ഘട്ടങ്ങളുള്ള ബി.എം.ഡി പദ്ധതിയുടെ രണ്ടാം ഘട്ടം 2022 നവംബറിലെ എ.ഡി-1 ഇന്റർസെപ്റ്റർ പരീക്ഷണത്തോടെയാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

