കണക്ഷൻ ഫ്ലൈറ്റാണോ മിസ്സായത്? പേടിക്കേണ്ട, ചെലവില്ലാതെ റീബുക്ക് ചെയ്യാം
text_fieldsയാത്രക്കാരുടെ ഏറ്റവും വലിയ പേടിയാണ് ബുക്ക് ചെയ്ത വണ്ടി മിസ്സാകുന്നത്. ബസ്സോ ട്രെയിനോ മറ്റോ ആണെങ്കിൽ അടുത്ത സ്റ്റേഷനിലോ സ്റ്റോപ്പിലോ പെട്ടെന്നെത്തി കയറാമെന്നു കരുതാം. പക്ഷേ മിസ്സാവുന്നത് ഫ്ലൈറ്റാണെങ്കിലോ? യാത്ര തടസ്സമാവുകയും ഉയർന്ന സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യും. എന്നാൽ നിങ്ങൾ ബുക്ക് ചെയ്യുന്ന കണക്ടിങ്ങ് ഫ്ലൈറ്റാണ് നഷ്ടമാകുന്നതെങ്കിൽ പേടിക്കേണ്ട, വീണ്ടും പണം മുടക്കാതെ യാത്ര സുഖമമാക്കാൻ വഴികളുണ്ട്.
നിങ്ങളുടെ കണക്ടിങ്ങ് ഫ്ലൈറ്റ് നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് സൗജന്യമായി റീബുക്ക് ചെയ്യാൻ കഴിയും. അതായത്, വ്യക്തിപരമായ കാരണത്താലല്ല മറിച്ച് എയർലൈനിന്‍റെ ഭാഗത്തു നിന്നുണ്ടായ കാലതാമസമോ പ്രശ്നങ്ങളോ കാരണമാണ് നിങ്ങളുടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടത് എയർലൈനിന്‍റെ ചുമതലയാണ്. കണക്ടിങ്ങ് ഫ്ലൈറ്റുകൾ എടുക്കുന്നതു വഴിയുള്ള പ്രധാന ഗുണവും ഇതുതന്നെയാണ്.
നീണ്ട ഇമിഗ്രേഷൻ ക്യൂകൾ, വരുന്ന വിമാനങ്ങൾ വൈകുന്നത്, നീണ്ട ടെർമിനൽ മാറ്റങ്ങൾ, അല്ലെങ്കിൽ ബാഗേജ് ട്രാൻസ്ഫർ പ്രശ്നങ്ങൾ ഇത്തരം കാരണങ്ങളാലാണ് നിങ്ങൾക്ക് കണക്ഷൻ ഫ്ലൈറ്റ് മിസ്സായതെങ്കിൽ പേടിക്കേണ്ടതില്ല. എയർലൈൻ ഉടൻ തന്നെ ഏറ്റവും അടുത്ത വിമാനത്തിൽ നിങ്ങൾക്ക് ടിക്കറ്റ് റീബുക്ക് ചെയ്തു തരും. ഇനി അടുത്ത വിമാനം ഉടൻ ഇല്ലെങ്കിൽ എയർലൈൻ നിങ്ങൾക്ക് ഭക്ഷണവും വേണ്ടി വന്നാൽ താമസവും പ്രധാനം ചെയ്യും. അതുകൊണ്ട് കണക്ഷൻ ഫൈറ്റ് മിസ്സായാൽ ഉടൻ എയർലൈനിന്റെ ട്രാൻസ്ഫർ ഡെസ്കിലേക്കോ കസ്റ്റമർ സർവീസ് കൗണ്ടറിലേക്കോ പോകണം. അവിടെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
എന്നാൽ ഈ ആനുകൂല്യം കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് ബാധകം. മാത്രമല്ല വ്യക്തിപരമായ കാരണങ്ങളാണ് ഫ്ലൈറ്റ് മിസ്സായതിനു പിന്നിലെങ്കിൽ ആനുകൂല്യം ലഭിക്കുകയുമില്ല. അതുകൊണ്ട് യാത്രകൾ വളരെ ശ്രദ്ധയോടെയും വ്യക്തമായും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

