യു.പിയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
ലഖ്നോ: യു.പിയിൽ റെയിൽപാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകൾക്കുമേൽ ട്രെയിനിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. മിർസാപൂർ ജില്ലയിലെ ചുനാർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 9.30 ഓടെ ചുനാർ റെയിൽവേ സ്റ്റേഷനിൽ ചോപ്പാൻ-പ്രയാഗ്രാജ് പാസഞ്ചർ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. എതിർത്ത് വശത്തെ പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാർ പാളം മുറിച്ച് കടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു
പാളം മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ഒരു ട്രെയിനിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മരിച്ച ആറ് പേരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ (റെയിൽവേസ്) പ്രകാശ് ഡി. അറിയിച്ചു. ഇവർ മിർസാപൂർ ജില്ലക്കാർ ആണെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് വലിയ പരിഭ്രാന്തിയാണ് റെയിൽവേ സ്റ്റേഷനിലുണ്ടായത്. പൊലീസും അഗ്നിശമനസേനാംഗങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
നോർത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പ്രസ്താവന പ്രകാരം: "ട്രെയിൻ നമ്പർ 13309 (ചോപ്പാൻ-പ്രയാഗ്രാജ് പാസഞ്ചർ) രാവിലെ 9.15-ന് ചുനാർ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ 4-ൽ എത്തി. ട്രെയിനിലെത്തിയ ചില യാത്രക്കാർ, സ്റ്റേഷനിൽ ഫൂട്ട് ഓവർബ്രിഡ്ജ് ലഭ്യമായിരിക്കെയും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാതെ പാളത്തിലേക്ക് ഇറങ്ങി. അതേ സമയം, 12311 (നേതാജി എക്സ്പ്രസ്) എന്ന ട്രെയിൻ പ്രധാന പാതയിലൂടെ (ലൈൻ നമ്പർ 3) കടന്നുപോവുകയും പാളം മുറിച്ച് കടക്കുന്നവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. ആറ് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായെന്നും റെയിൽവേ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച റെയിൽവേ അധികൃതർ, എപ്പോഴും പ്ലാറ്റ്‌ഫോം ഭാഗത്തേക്ക് മാത്രം ഇറങ്ങണമെന്നും പാളങ്ങൾ മുറിച്ച് കടക്കരുതെന്നും അഭ്യർഥിച്ചു. പാളങ്ങളിലേക്ക് ഇറങ്ങുന്നത് അപകടകരവും സുരക്ഷിതമല്ലാത്തതുമാണ്. സുരക്ഷിതമായ യാത്രയ്ക്ക് യാത്രക്കാരുടെ സഹകരണം അനിവാര്യമാണെന്നും റെയിൽവേ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

