അബോധാവസ്ഥയിൽ ഏഴ് മാസം ആശുപത്രിയിൽ; യുവതി പെൺകുഞ്ഞിന് ജന്മം നൽകി
text_fieldsന്യൂഡൽഹി: അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് ഏഴ് മാസം ആശുപത്രിയിൽ അബോധാവസ്ഥയിലായിരിക്കെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ബുലന്ദ്ഷഹർ സ്വദേശിയായ 23 കാരി ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായതിനാൽ കഴിഞ്ഞ ഏഴ് മാസമായി അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ചയാണ് ഡൽഹി എയിംസിൽ പൂർണ ആരോഗ്യമുള്ള പെൺകുഞ്ഞിനെ പ്രസവിച്ചത്.
'ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ മാർച്ച് 31നാണ് അപകടത്തിൽപ്പെട്ടത്. ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലക്ക് ഗുരുതരമായി പരിക്കേറ്റു. വെന്റിലേറ്ററിലായിരുന്ന യുവതിയെ പിന്നീട് ഓപ്പറേഷൻ ചെയ്ത് അപകടത്തിൽ തകർന്ന തലച്ചോറിന്റെ ഒരു ഭാഗം നീക്കി. ഒരു മാസത്തിനുശേഷം യുവതി വീണ്ടും മറ്റൊരു ശസ്ത്രക്രിയക്ക് വിധേയയായി. ഒടുവിൽ വെന്റിലേറ്ററിൽ നിന്നും മാറ്റി.
മാർച്ച് 30നും ജൂൺ 15നും ഇടയിൽ ആകെ അഞ്ച് ന്യൂറോ സർജിക്കൽ ഓപ്പറേഷനുകളാണ് നടത്തിയത്. ജീവൻ രക്ഷിക്കാനായെങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താനായില്ല. കണ്ണുകൾ മാത്രം തുറന്ന് ചലനമറ്റ് ആശുപത്രി കിടക്കയിൽ തുടർന്നു'- ന്യൂറോ സർജറി വിഭാഗം പ്രൊഫ.ദീപക് ഗുപ്ത പറഞ്ഞു.
ഡ്രൈവറായിരുന്ന യുവതിയുടെ ഭർത്താവ് ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ ജോലി ഉപേക്ഷിച്ചിരുന്നു. സാധാരണ രീതിയിലാണ് പ്രസവം നടന്നത്. കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ കഴിയാത്തതിനാൽ കുപ്പിപാലാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

