ലിംഗായത്ത് മഠാധിപതി പീഡന കേസ്: മയക്കുമരുന്ന് നൽകി പെൺകുട്ടികളെ കിടപ്പുമുറിയിലേക്ക് അയച്ചു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
text_fieldsബംഗളൂരു: കർണാടകയിൽ ലിംഗായത്ത് മഠാധിപതി പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസില്‍ ചിത്രദുർഗ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മഠത്തിനു കീഴിലെ ഹോസ്റ്റലിലെ രണ്ടു വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ചിത്രദുർഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഘ ശരണാരുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ വെച്ച് മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. പഴങ്ങളിലും പാനീയങ്ങളിലും മയക്കുമരുന്ന് കലർത്തി മഠാധിപതിയുടെ കിടപ്പുമുറിയിലേക്ക് അയച്ചതായി വിദ്യാർഥിനികൾ പൊലീസിന് മൊഴി നൽകി. കർണാടക-ആന്ധ്രപ്രദേശ് അതിർത്തിയിൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിലും കുറ്റപത്രത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
മഠത്തിനു കീഴിലെ ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന പെൺകുട്ടിയെ സംഭവം നടക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് പറഞ്ഞയച്ചത്. പെൺകുട്ടി ട്രെയിനിൽനിന്ന് വീണ് മരിച്ചെന്നായിരുന്നു റിപ്പോർട്ട്. അപകടമരണമായി കേസ് അവസാനിപ്പിക്കുകയും ചെയ്തു. മഠത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വൈദ്യ പരിശോധന റിപ്പോർട്ടിനായി കാത്തുനിൽക്കുകയാണ് പൊലീസ്. അറസ്റ്റിലായ മഠാധിപതി ലൈംഗിക ശേഷിയുള്ളയാളാണെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 26ന് പോക്സോ, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് മഠാധിപതിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ഒക്ടോബർ 13ന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
സ്കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍.ജി.ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതിൽ പ്രതിഷേധം കനക്കുന്നതിനിടെ നാടകീയമായിട്ടായിരുന്നു അറസ്റ്റ്. ശിവമൂർത്തി മുരുഘ മഠാധിപതി സ്ഥാനം ഇതുവരെ ഒഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

