മലപ്പുറത്തടക്കം ന്യൂനപക്ഷ സ്കോളർഷിപ് അഴിമതിയെന്ന്; സി.ബി.ഐ അന്വേഷണത്തിന് മന്ത്രാലയം
text_fieldsന്യൂഡൽഹി: കേരളത്തിൽ മലപ്പുറം ജില്ലയിലടക്കം കേന്ദ്രസർക്കാറിന്റെ ന്യൂനപക്ഷ സ്കോളർഷിപ് പദ്ധതിയിൽ വ്യാജ ഗുണഭോക്താക്കളുടെ പേരിൽ നടത്തിയ അഴിമതിയിലൂടെ കോടികൾ തട്ടിയെന്ന് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ‘ഇന്ത്യ ടുഡെ’ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 830 സ്ഥാപനങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 144 കോടി രൂപയുടെ അഴിമതി കണ്ടെത്തിയെന്നും സംഭവം സി.ബി.ഐയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നും ‘ഇന്ത്യ ടുഡെ’ റിപ്പോർട്ട് ചെയ്തു.
ഒന്നാം ക്ലാസ് മുതൽ ഉപരിപഠനം വരെയുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഇല്ലാത്ത വിദ്യാർഥികളുടെ പേരിൽ ഈ സ്ഥാപനങ്ങൾ നേടിയെടുത്തുവെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നോഡൽ ഓഫിസർമാർക്കും ജില്ല നോഡൽ ഓഫിസർമാർക്കുമെതിരെ സി.ബി.ഐ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. വ്യാജ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നതും നിരവധി സംസ്ഥാനങ്ങളിൽ വർഷങ്ങളായി ഈ തട്ടിപ്പ് തുടർന്നതും സി.ബി.ഐ അന്വേഷിക്കും.
66,000 സ്കോളർഷിപ്പുകൾ കൊടുത്ത മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർഥികളുടെ എണ്ണം അതിൽ താഴെ ആയിരുന്നുവെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ആകെ 5000 രജിസ്റ്റേഡ് വിദ്യാർഥികളുള്ള ജമ്മു-കശ്മീർ അനന്തനാഗിലെ ഒരു കോളജ് 7000 സ്കോളർഷിപ്പുകൾ നേടിയെന്നും പഞ്ചാബിൽ ഒരു സ്കൂളിലും പോകാത്തവർക്കും സ്കോളർഷിപ് നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ആകെയുള്ള സംസ്ഥാനങ്ങളിൽ 21 എണ്ണത്തിൽനിന്നുള്ള വിവരമാണ് മന്ത്രാലയം ഇതുവരെ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

