ന്യൂനപക്ഷ നിർണയം: മറുപടി നൽകാത്ത സംസ്ഥാനങ്ങളുടെ നടപടിയിൽ സുപ്രീംകോടതിക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: സംസ്ഥാന ജനസംഖ്യയെ അടിസ്ഥാനമാക്കി ന്യൂനപക്ഷങ്ങളെ നിർണയിക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാറിനെ അഭിപ്രായം അറിയിക്കാത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നടപടിയിൽ സുപ്രീകോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ കേന്ദ്രത്തിന് മറുപടി നൽകാൻ ഈ സംസ്ഥാനങ്ങൾക്ക് അവസാന അവസരം നൽകുകയാണെന്നും ഇതിൽ വീഴ്ചവരുത്തിയാൽ അവർക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്ന് കരുതുമെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എ.എസ്. ഓഖ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
24 സംസ്ഥാനങ്ങളും ആറു കേന്ദ്രഭരണപ്രദേശങ്ങളും ന്യൂനപക്ഷമന്ത്രാലയത്തെ അഭിപ്രായം അറിയിച്ചതായി കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് തൽസ്ഥിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. അരുണാചൽപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ജമ്മു-കശ്മീർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് മറുപടി നൽകാത്തത്.
ജമ്മു-കശ്മീരിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് ഹരജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, കേന്ദ്രഭരണപ്രദേശങ്ങളുടെ ഭരണനിർവഹണം നടത്തുന്നത് കേന്ദ്രസർക്കാറാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അടുത്ത വാദംകേൾക്കാൻ മാർച്ച് 21ലേക്ക് മാറ്റി.
സംസ്ഥാന ജനസംഖ്യയെ അടിസ്ഥാനമാക്കി ന്യൂനപക്ഷങ്ങളെ നിർണയിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു-കശ്മീർ, ലഡാക്, ലക്ഷദ്വീപ്, സിഖ് ഭൂരിപക്ഷമുള്ള പഞ്ചാബ്, ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറം, നാഗാലൻഡ്, മേഘാലയ, അരുണാചൽപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ പ്രാദേശിക ജനസംഖ്യ നോക്കി ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കി പുനർനിർണയിക്കണമെന്നാണ് ഉപാധ്യായയുടെ ആവശ്യം.
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ നിർണയിക്കുന്നതിന് നിലവിലുള്ള രീതി തുടരണമെന്ന് കേരളസർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി അയച്ച കത്ത് മറ്റു സംസ്ഥാനങ്ങളുടെ നിലപാടുകൾക്കൊപ്പം കേന്ദ്രസർക്കാർ നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

