കേരളത്തിന് മൂന്നു വർഷമായി ന്യൂനപക്ഷ സ്ഥാപന ഗ്രാൻറില്ല
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് 2014 മുതല്‍ മുടങ്ങിക്കിടക്കുകയാണെന്ന് ഇത്തരം സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐ.ഡി.എം.ഐ ഫോറത്തിെൻറ ഭാരവാഹികള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഐ.ഡി.എം.ഐ പദ്ധതി പ്രകാരം സംസ്ഥാനത്തെ 135 സ്ഥാപനങ്ങള്‍ക്കു ലഭിക്കേണ്ട 30 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുെവച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിെൻറ രണ്ടാം ഗഡു ഉടന്‍ അനുവദിക്കുമെന്ന് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നെത്തിയ പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നുവെന്ന് ഇവർ പറഞ്ഞു. എന്നാല്‍, ഈ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല. രണ്ടാം ഗഡു ലഭിക്കാത്തതുമൂലം ഈ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇക്കാര്യം മാനവവിഭവശേഷി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഒരിക്കൽകൂടി കേന്ദ്രമന്ത്രിയെ കാണുമെന്നും ഐ.ഡി.എം.ഐ ഫോറം ജനറല്‍ കണ്‍വീനര്‍ യൂസുഫ് എൻ.കെ. അറിയിച്ചു.
ഒന്നാംഘട്ട തുകയുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടൻറ് സാക്ഷ്യപ്പെടുത്തിയ വരവുചെലവ് കണക്കുകള്‍ സഹിതം സമര്‍പ്പിച്ചാലേ രണ്ടാംഘട്ട ഗ്രാൻറ് വിതരണം ചെയ്യൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും എല്ലാ നടപടിക്രമങ്ങളും ഈ 135 സ്ഥാപനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും യൂസുഫ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി. മുനീബുര്‍റഹ്മാൻ, ഡോ. എൻ. ലബീദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
