പ്രായപൂർത്തിയാകാത്ത ബലാത്സംഗ ഇരയെ ‘ആവശ്യമില്ലാത്ത’ ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ബലാത്സംഗ ഇരയെ ‘ആവശ്യമില്ലാത്ത’ ഗർഭം വഹിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈകോടതി, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 29 ആഴ്ചയോളം പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി.
പെൺകുട്ടിയെ ഗർഭം തുടരാൻ നിർബന്ധിക്കുന്നതിലൂടെ അവളുടെ ജീവിത പാത നിർണയിക്കാനുള്ള അവകാശം ‘കവർന്നെടുക്കുക’യാണെന്ന് ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, സച്ചിൻ ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
‘ഇരയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഈ കോടതിക്ക് നിർബന്ധിക്കാനാവില്ല. കാരണം അത്തരമൊരു സാഹചര്യത്തിൽ ജീവിതത്തിന്റെ അടിയന്തരവും ദീർഘകാലവുമായ പാത നിർണയിക്കാനുള്ള അവകാശം അവളുടെ അവകാശത്തിൽ നിന്ന് എടുത്തുകളയുകയാണ്. ഒരു സ്ത്രീക്ക് അവളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം ഗർഭിണിയാകാൻ കഴിയുമെന്ന വസ്തുതയോട് നമ്മൾ തുല്യമായി സംവേദന ക്ഷമതയുള്ളവരായിരിക്കണം. എങ്കിൽതന്നെയും അനാവശ്യമോ ആകസ്മികമോ ആയ ഗർഭധാരണത്തിന്റെ കാര്യത്തിൽ ‘ഭാരം’ എല്ലായ്പ്പോഴും ഗർഭിണിയായ സ്ത്രീയുടെ/ഇരയുടെ മേൽ വരും’ എന്ന് ജൂൺ 17ന് പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്ജിമാർ നിരീക്ഷിച്ചു.
സ്വന്തം അമ്മാവൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗർഭിണിയാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത് എന്നും ഇര തന്റെ മാതാപിതാക്കൾ മുഖേന സമർപ്പിച്ച ഹരജിയിൽ പറയുന്നു. 2025 ജൂൺ 5ന് കുറ്റാരോപിതയായ അമ്മാവനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇര ഹരജി സമർപിച്ചതിനെത്തുടർന്ന് ബെഞ്ച് ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഗർഭം അലസിപ്പിക്കൽ പ്രക്രിയ ഉയർന്ന അപകടസാധ്യതയുള്ളതാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. പെൺകുട്ടിയുടെ പ്രായവും ഗർഭസ്ഥ ശിശുവിന്റെ ഗർഭകാല പ്രായവും കണക്കിലെടുക്കുമ്പോൾ അപകടസാധ്യതയുള്ള ‘ഹിസ്റ്ററോട്ടമി’ മാതാപിതാക്കളുടെയും രോഗിയുടെയും സമ്മതത്തോടെ നടത്താമെന്ന് അവർ പറഞ്ഞു.
എം.ടി.പി ആക്ട് പ്രകാരമുള്ള ഗർഭം അലസിപ്പിക്കൽ നടപടിക്രമത്തിന് ഇരയും അവളുടെ മാതാപിതാക്കളും സമ്മതം നൽകിയതായും അതിനാൽ അവളുടെ ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ അനുവദിച്ചുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
‘ഈ വിഷയം കണക്കിലെടുക്കുമ്പോഴും മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയതുപോലെ ഹരജിക്കാരന് ജീവന് ഭീഷണിയില്ലെന്ന വസ്തുത കണക്കിലെടുക്കുമ്പോഴും സുരക്ഷാ പ്രോട്ടോക്കോൾ അവലംബിച്ചും മുകളിൽ പറഞ്ഞ നിരീക്ഷണങ്ങൾ പാലിച്ചും അപേക്ഷകന് എത്രയും വേഗം ഗർഭം അലസിപ്പിക്കാൻ അനുവദിക്കാൻ അകോലയിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ഡീനിനോട് നിർദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു’വെന്ന് ജഡ്ജിമാർ പറഞ്ഞു. ഈ നിരീക്ഷണങ്ങളോടെ ബെഞ്ച് ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

