ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വയലിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഖാർേഗാൺ ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശിൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കുന്ന മറ്റൊരു സംഭവം.
പെൺകുട്ടിയുടെ വീട്ടിലെത്തിയ മൂന്നംഗ സംഘം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതിനുശേഷം സഹോദരനുമായി വഴക്കുണ്ടാക്കി. പിന്നീട് സഹോദരനെ തള്ളിയിട്ടശേഷം പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയെ പിന്നീട് വയലിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെട്ടു. സഹോദരൻ നാട്ടുകാരെ വിവരമറിയിക്കുകയും പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.