ന്യൂനപക്ഷ മന്ത്രാലയം മുസ്ലിംകളുടേതെന്ന കാഴ്ചപ്പാട് മാറ്റി -മന്ത്രി കിരൺ റിജിജു
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ മന്ത്രാലയം മുസ്ലിംകളുടേതാണെന്ന കാഴ്ചപ്പാട് നരേന്ദ്ര മോദി സർക്കാർ മാറ്റിയെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു. ഇപ്പോൾ ആറ് സമുദായങ്ങൾക്ക് വേണ്ടിയാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബിൽ ഏറെ കൂടിയാലോചന നടത്തിയാണ് കൊണ്ടുവന്നത്. സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിൽ പാർലമെന്റ് വീണ്ടും പരിഗണിക്കുമെന്നും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ 100 ദിവസത്തെ നേട്ടം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ കാലത്ത് ന്യൂനപക്ഷ കാര്യമെന്നാൽ മുസ്ലിം വിഷയം എന്നായിരുന്നു. അത് തെറ്റാണ്. മുസ്ലിംകൾക്ക് മാത്രമേ ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാനാകാൻ കഴിയുമായിരുന്നുള്ളൂ. മന്ത്രാലയത്തിന്റെ ലക്ഷ്യം അട്ടിമറിക്കുന്നതായിരുന്നു ഇത്. അതേസമയം കോൺഗ്രസിന്റെ ഭരണകാലത്ത് അവരെ വോട്ടുബാങ്കായി മാത്രം കണ്ടതിനാൽ മുസ്ലിംകൾ ദരിദ്രരായി അവശേഷിച്ചു. കേവലം മുസ്ലിംകൾക്ക് വേണ്ടി മാത്രമല്ല, ആറ് സമുദായങ്ങൾക്ക് വേണ്ടിയാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. ഈ സമുദായങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ പദ്ധതികൾ നടപ്പാക്കുന്നത്. പാഴ്സികൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും ക്രിസ്ത്യാനികൾക്കും സിഖുകാർക്കും മുസ്ലിംകൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ മുസ്ലിം ജനസംഖ്യ വളരെ കൂടുതലാണ്. ആനുപാതികമായ രീതിയിൽ ഗുണഭോക്താക്കളും പ്രതിനിധികളും കൂടുതലും മുസ്ലിംകളായിരിക്കും. ന്യൂനപക്ഷ കാര്യ മന്ത്രാലയം എന്നാൽ മുസ്ലിം കാര്യ മന്ത്രാലയം എന്നായിരുന്നു പലയിടത്തും ജനം കരുതിയിരുന്നത്. ന്യൂനപക്ഷത്തിൽ ആറ് സമുദായങ്ങളുണ്ട്. അവർക്കെല്ലാം വേണ്ടിയാണ് ന്യൂനപക്ഷ മന്ത്രാലയം പ്രവർത്തിക്കുന്നത്. മുസ്ലിംകൾക്കുവേണ്ടി മാത്രമുള്ളതാണ് ഈ മന്ത്രാലയമെന്ന് പറയുന്നത് ഇന്ത്യൻ ജനതയോടും മുസ്ലിം സമുദായത്തോടും കാണിക്കുന്ന അനീതിയാണ്.
വിട്ടുപോയവരെയെല്ലാം ന്യൂനപക്ഷ പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. ഇപ്പോൾ ആറു ന്യൂനപക്ഷ സമുദായങ്ങളും വളരെ സന്തുഷ്ടരാണെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

