സത്യേന്ദർ ജെയിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി തേടി ആഭ്യന്തര മന്ത്രാലയം
text_fieldsഡൽഹി: ഡൽഹി മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനെ(60) പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി തേടി ആഭ്യന്തരമന്ത്രാലയം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ(ഇ.ഡി) അന്വേഷണത്തിന്‍റെയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ 218ാം വകുപ്പ് പ്രകാരമാണ് ജെയിനെതിരായ നീക്കം.
കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് 2022 മേയിൽ ഇ.ഡി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജെയിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ(സി.ബി.ഐ) 2017 ആഗസ്റ്റിൽ ജെയിനെതിരെ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും എ.എ.പി നേതാവിനെതിരെ ആരോപണമുയർന്നു. 1.47 കോടിയിൽ അധികം സ്വത്തുക്കൾ സത്യേന്ദർ ജെയിന്‍റെ കൈവശമുണ്ടെന്നായിരുന്നു സി.ബി.ഐ 2018 ഡിസംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സൂചിപ്പിച്ചിരുന്നത്. 2015-2017 കാലയളവിലെ ജെയിന്‍റെ വരുമാന സ്രോതസ്സിന്‍റെ 217 ശതമാനം കൂടുതലായിരുന്നു ഈ സമ്പത്ത്.
ആപ് നേതാക്കളും അണികളും വൻ സ്വീകരണമാണ് ജെയിനു നൽകിയത്. വിചാരണ ആരംഭിക്കാൻ സാധ്യത ഇല്ലെന്നു പറഞ്ഞ് ഇ.ഡി അന്വേഷണത്തിലുള്ള കേസിൽ കോടതി ജെയിനു ജാമ്യം അനുവദിക്കുകയായിരുന്നു. ദീർഘകാലമായി തടവിലായിരുന്ന വസ്തുത പരിഗണിച്ച് 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലാണ് ജെയിനിനെ മോചിപ്പിക്കാൻ വിശാൽ ഗോഗ്നെ പ്രത്യേക ജഡ്ജിയായ കോടതി ഉത്തരവിട്ടത്. 2024 ഒക്ടോബർ 18 ന് ജെയിൻ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി.
2022 യിലായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഷക്കൂർ ബസ്തിയിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ കർനൈൽ സിങ്ങിനോട് 21000 വോട്ടിനു പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

