മാധ്യമപ്രവർത്തകരുടെ വിലക്കിൽ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിൽ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിലക്കിനെ തുടർന്ന് മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും താലിബാനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് വിലിക്കിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത് മുത്തഖിയും അഫ്ഗാൻ എംബസിയുമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ വനിതാ മാധ്യമപ്രവർത്തകരെ മനപ്പൂർവ്വം മാറ്റിനിർത്തിയതാണെന്ന വാർത്ത താലിബാൻ നിഷേധിച്ചു. വിലക്ക് മനപൂർവ്വമല്ലെന്നും അഫ്ഗാനിലും വനിതാ മാധ്യമപ്രവർത്തകരുണ്ടെന്നും അവരെയെല്ലാം മുത്തഖി കാണാറുണ്ടെന്നും താലിബാൻ രാഷ്ട്രീയ കാര്യാലയ മേധാവി സുഹൈൽ ശഹീൻ പറഞ്ഞു.
ഇന്ത്യ സന്ദർശനത്തിന് വന്ന മുത്തഖി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നു. വാർത്താസമ്മേളനത്തിൽ പുരുഷന്മാരായ മാധ്യമപ്രവർത്തകരും അഫ്ഗാൻ പ്രതിനിധികളും മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ താലിബാന് നേരെ ഉയർന്നു. ഇന്ത്യൻ മണ്ണിൽ പോലും താലിബാന്റെ ലിംഗ വിവേചനം തുടരുന്നത് തുറന്നുകാട്ടുകയാണ് വിലക്കിലൂടെ പ്രകടമാകുന്നതെന്നും വിലക്കിനെ സർക്കാർ പിന്തുണച്ചുവെന്നും വിമർശനമുയർന്നു.
വാർത്താസമ്മേളനത്തിൽ പുരുഷന്മാർ പങ്കെടുത്തത് ശരിയായില്ലെന്നും പ്രതിഷേധ സൂചകമായി പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവേണ്ടതായിരുന്നു എന്നും വിമർശനമുണ്ട്. നമ്മുടെ സ്വന്തം മണ്ണിൽ നിബന്ധനകൾ നിർദ്ദേശിക്കാനും സ്ത്രീകൾക്കെതിരെ വിവേചനപരമായ അജണ്ടകൾ അടിച്ചേൽപ്പിക്കാനും അവർക്കെന്ത് അധികാരമാണുള്ളതെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു.
വനിതാ മാധ്യമപ്രവർത്തകരുടെ വിലക്കിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.
താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിയുടെ വാർത്തസമ്മേളനത്തിൽ നിന്ന് വനിത മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും. വാർത്തസമ്മേളനത്തെ പുരുഷ മാധ്യമപ്രവർത്തകർ ബഹിഷ്‌കരിക്കണമായിരുന്നു എന്നും മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം എക്സിൽ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

