‘ബീഹാറിൽ മാത്രമല്ല, അമേരിക്കയിലും ജപ്പാനിലും ഇത്തരം സംഭവങ്ങളുണ്ട്’; ലൈംഗികാതിക്രമ സംഭവങ്ങളിൽ പ്രതികരണവുമായി ബീഹാർ മന്ത്രി
text_fieldsപട്‌ന: ബീഹാറിൽ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന്, പെൺകുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവങ്ങളിൽ പ്രതികരണവുമായി ബീഹാർ മന്ത്രി അശോക് ചൗധരി. ഇത്തരം സംഭവങ്ങൾ അമേരിക്കയിലും ജപ്പാനിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യാറുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സമസ്തിപുരിലും ജമുയിയിലും അടുത്തിടെ റിപ്പോർട്ട് ചെയ്ത ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, കുറ്റവാളികളെ സർക്കാർ സംരക്ഷിക്കില്ലെന്നും സംഭവങ്ങളിൽ വേഗത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളെക്കുറിച്ച് ‘നെഗറ്റീവ് നറേറ്റീവ്’ ഉണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
‘14 കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനമാണിത്. ദുഷ്ടരും, വിദ്യാഭ്യാസമില്ലാത്തവരും, അജ്ഞരും, മര്യാദയില്ലാത്തവരുമായ ആളുകൾക്ക് ഒരു കുറവുമില്ല. നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്നതിലും ബീഹാറിന് അപമാനം വരുത്തുന്നതിലും പങ്കുവഹിക്കുന്ന ആളുകൾ’ മന്ത്രി പറഞ്ഞു.
സമസ്തിപുരിൽ ഒരു പെൺകുട്ടിയെ ഒരു സംഘം ആളുകൾ പരസ്യമായി ഉപദ്രവിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. ജമുയിയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ജനങ്ങൾ എങ്ങനെ സുരക്ഷിതമായി പുറത്തിറങ്ങുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ‘നരേറ്റീവ് ഉണ്ടാക്കരുത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സർക്കാരിന് അധികാരമില്ലെന്ന രീതിയിൽ ചോദ്യമുന്നയിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംഭവങ്ങളിൽ ഉടൻ നടപടിയെടുത്തിട്ടുണ്ടെന്നും ജമുയിയിൽ 24 മണിക്കൂറിനുള്ളിലും സമസ്തിപുരിൽ 12 മണിക്കൂറിനുള്ളിലും നടപടി സ്വീകരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം സംഭവങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോഴാണ് അമേരിക്കയെയും ജപ്പാനെയും മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
‘ഇത്തരം സംഭവങ്ങൾ എല്ലായിടത്തും ഉണ്ടാകുന്നു. അമേരിക്കയിലും ജപ്പാനിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അമേരിക്ക നമ്മളേക്കാൾ വികസിത രാജ്യമാണ്. അവിടെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നുണ്ടോ, അല്ലെങ്കിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഒരു മുഖ്യമന്ത്രിക്കോ ലോകനേതാവിനോ ഉറപ്പുനൽകാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സംഭവങ്ങൾ ഉണ്ടായാൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിതീഷ് കുമാർ സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച മാതൃക പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

