ബി.ജെ.പി ഭരണകാലത്തെ അഴിമതികളന്വേഷിക്കാൻ മന്ത്രിതല സമിതിയുമായി കർണാടക
text_fieldsബംഗളൂരു: മുൻ ബി.ജെ.പി സർക്കാറിന്റെ കാലത്ത് നടന്ന വിവിധ അഴിമതികളെക്കുറിച്ച് സർക്കാറിന്റെയും അന്വേഷണ ഏജൻസികളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ അവലോകനം ചെയ്യാനും ഏകോപിപ്പിക്കാനുമായി രൂപവത്കരിച്ച മന്ത്രിമാരുടെ സമിതി ഈയാഴ്ച യോഗം ചേരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മാസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കാനാവശ്യപ്പെട്ടിരുന്നു. തീർപ്പാക്കിയതും അല്ലാത്തതുമായ എല്ലാ കേസുകളും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വകുപ്പ് തലത്തിൽ നടത്തിയിരുന്ന പരിശോധന ഇപ്പോൾ കാബിനറ്റ് തലത്തിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് മന്ത്രി ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞത്. നിയമ, പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ബി.ജെ.പി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി രൂപവത്കരിച്ചത് പകപോക്കൽ രാഷ്ട്രീയമാണെന്ന ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. ഇത്തരം കേസുകളിൽ അന്വേഷണം ത്വരിതപ്പെടുത്തുന്നതിനാണ് സമിതി രൂപവത്കരിച്ചിരിക്കുന്നതെന്നും തെറ്റ് ചെയ്തവർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ ഉപസമിതി അന്വേഷണ പുരോഗതി അവലോകനം ചെയ്യുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

