‘വേദനാജനകമായ സംഭവം, സർക്കാർ കുടുംബത്തിനൊപ്പം’; രഞ്ജിതയുടെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്
text_fieldsഅഹ്മദാബാദ്: വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വേദനാജനകമായ സംഭവമാണ് നടന്നതെന്നും സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. നിയമപപരമായി സാധ്യമായതെല്ലാം ചെയ്യും. സംസ്ഥാന സർക്കാർ എയർ ഇന്ത്യയും ഗുജറാത്ത് സർക്കാരുമായും ആശയവിനിമയം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലാ കലക്ടറും ഗുജറാത്ത് സ്പെഷ്യൽ ഓഫീസറുമായി ചർച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട് അഹ്മദാബാദിലേക്ക് പോകും, ഡി.എൻ.എ സാമ്പിൾ ശേഖരിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്യും. സാമ്പിൾ സ്ഥിരീകരണം ഉണ്ടായാൽ ഉടൻ തന്നെ മൃതദേഹങ്ങൾ വിട്ടുനൽകും. പരിശോധന ഫലം ലഭിക്കാൻ 72 മണിക്കൂർ സമയമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അഹ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. സെക്കൻഡുകൾക്കകം തകർന്നുവീണ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളജ് ഹോസ്റ്റലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ ആകെ മരണം 265 ആയെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.