സ്റ്റാർലിങ്ക് രാജ്യത്തെ ടെലികോം ഓപറേറ്റർമാർക്ക് ഭീഷണിയല്ലെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർലിങ്കിന്റെ പ്രവർത്തനം രാജ്യത്ത് നിലവിലുള്ള ടെലികോം ഓപറേറ്റർമാർക്ക് ഭീഷണിയല്ലെന്ന് വാർത്താവിനിമയ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ. ഇന്ത്യയിൽ 20 ലക്ഷം ഉപഭോക്താക്കൾക്കാണ് 200 എം.ബി.പി.എസ് വേഗത്തിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത്.
സാറ്റ്കോം സേവനങ്ങൾക്കുള്ള മുൻകൂർ ചെലവ് വളരെ ഉയർന്നതാണ്. പ്രതിമാസം ഏകദേശം 3000 രൂപയോളം നൽകേണ്ടിയും വരും. അതിനാൽ, സ്റ്റാർലിങ്കിന് എല്ലാവർക്കും സേവനം നൽകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഗ്രാമീണ, വിദൂര മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങളുമായി സ്റ്റാർലിങ്ക് എത്തുന്നത് ബി.എസ്.എൻ.എൽ അടക്കമുള്ളവർക്ക് വെല്ലുവിളിയാവുമെന്ന് ആശങ്കയുയർന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
ഇന്ത്യയിൽ വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്റ്റാർലിങ്കിന് അടുത്തിടെ അന്തിമ റെഗുലേറ്ററി ക്ലിയറൻസ് ലഭിച്ചിരുന്നു. ജൂലൈ ഏഴിന് രാജ്യത്തെ നിയന്ത്രണ ഏജൻസിയായ ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്), സ്റ്റാർലിങ്കിന് പ്രവർത്താനുമതിയും നൽകി.
സുരക്ഷാ വിലയിരുത്തലടക്കം നടത്തുന്നതിനായി ടെലികമ്യൂണിക്കേഷൻ വകുപ്പ് (ഡി.ഒ.ടി) ഇതുവരെ സ്റ്റാർലിങ്കിന് ട്രയൽ സ്പെക്ട്രം അനുവദിച്ചിട്ടില്ല. ഇതുനൽകി വിവിധ പരിശോധനകൾക്കുശേഷമാവും കമ്പനി വാണിജ്യസേവനങ്ങൾ ആരംഭിക്കുക.
ബി.എസ്.എൻ.എൽ നിരക്ക് വർധന ഉടനില്ല
നിരക്ക് ഉയർത്താൻ ബി.എസ്.എൻ.എല്ലിന് ഉടനടി പദ്ധതിയില്ലെന്നും പകരം 4-ജി ഉപയോക്തൃ അടിത്തറ വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ബി.എസ്.എൻ.എൽ 2- ജി, 3- ജി നെറ്റ് വർക്കുകളിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, 4- ജി നെറ്റ്വർക്ക് സേവനങ്ങളിൽ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അധ്യക്ഷതയിൽ ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർമാരെ (സി.ജി.എം) പങ്കെടുപ്പിച്ച് ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

