വിമാന യാത്ര നിരക്ക് എന്നും നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: വ്യോമയാന മേഖലയിലെ ഡിമാൻഡിലെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി വർഷം മുഴുവൻ നിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ. ഉയർന്ന വിമാന ടിക്കറ്റ് നിരക്കിനെതിരെ ലോക്സഭയിൽ ഷാഫി പറമ്പിലിന്റെ സ്വകാര്യ പ്രമേയത്തിന്മേൽ നടന്ന ചർച്ചയിലെ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്സവ സീസണിൽ ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് വർധിക്കാറുണ്ട്. വർഷം മുഴുവൻ നിരക്ക് പരിധി നിശ്ചയിക്കാൻ സർക്കാറിന് കഴിയില്ല. തിരക്കേറിയ സമയങ്ങളിൽ സർവീസ് നടത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വിമാന കമ്പനികൾക്ക് സർവീസിന് എൻ.ഒ.സി നൽകിയിട്ടുണ്ട്. രണ്ടു കമ്പനികൾ കൂടി അപേക്ഷിച്ചിട്ടുണ്ട്ആഭ്യന്തരമായി വിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ തയാറെടുക്കുന്നുവെന്നും വിശദീകരിച്ച വ്യോമയാന മന്ത്രി ഷാഫി പറമ്പിലിനോട് പ്രമേയം പിൻവലിക്കാൻ അഭ്യർഥിച്ചു.
സഭാ നടപടിപ്രകാരം മന്ത്രിയുടെ വിശദീകരണാർഥം ഹരജി പിൻവലിച്ച ഷാഫി പറമ്പിൽ, നിലവിലുണ്ടായത് ഇൻഡിഗോ പ്രതിസന്ധിയില്ല സർക്കാർ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി. ബോധപൂർവം പ്രതിസന്ധിയുണ്ടാക്കുമെന്ന് പൈലറ്റ് അസോസിയേഷൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ആവശ്യമായ നടപടിയുണ്ടായില്ല.
പഹൽഗാം ഭീകരാക്രമണം ഉണ്ടായപ്പോൾ ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്ക് വിമാനകമ്പനികൾക്ക് 65,000 രൂപ എങ്ങനെയാണ് ഈടാക്കാൻ കഴിയുക. യുദ്ധ സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് ഇത്രയും തുക. വിമാന യാത്ര ലക്ഷ്വറിയല്ല, ആവശ്യമാണ്.ഒന്നോ രണ്ടോ വർഷത്തെ കഠിന പ്രയത്നത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളിക്ക് എങ്ങനെയാണ് ടിക്കറ്റിന്റെ അഞ്ച് മടങ്ങ് നൽകാനാവുകയെന്നും ഷാഫി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

