തമിഴ്നാട്ടിൽ പാർട്ടി പ്രവർത്തകരെ കല്ലെറിഞ്ഞ് മന്ത്രി
text_fieldsപ്രവർത്തകർക്ക് നേരെ കല്ലെറിയുന്ന മന്ത്രി എസ്.എം. നാസർ
ചെന്നൈ: കസേര കൊണ്ടുവരാൻ വൈകിയതിൽ ക്ഷുഭിതനായ മന്ത്രി പാർട്ടി പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞത് വിവാദമായി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബുധനാഴ്ച തിരുവള്ളൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്ന ഹിന്ദിഭാഷ വിരുദ്ധ പോരാട്ടത്തിൽ മരിച്ചവരുടെ അനുസ്മരണച്ചടങ്ങായ ‘വീരവണക്കം’ പരിപാടിയുടെ ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ തമിഴ്നാട് ക്ഷീരവികസന മന്ത്രി എസ്.എം. നാസറാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
വേദിക്ക് പരിസരത്ത് മന്ത്രിക്കും പരിവാരങ്ങൾക്കും ഇരിക്കാൻ കസേര ഇടാത്തതിൽ പ്രകോപിതനായ മന്ത്രി പ്രവർത്തകർക്കുനേരെ ‘ചെയർ എടുത്തിട്ട് വാടാ...’ എന്നുപറഞ്ഞ് ആക്രോശിച്ചു. പ്രവർത്തകർ കസേരകളുമായി പതുക്കെയാണ് വന്നത്. ഇതിൽ ക്ഷുഭിതനായാണ് മന്ത്രി കുനിഞ്ഞ് കല്ല് പെറുക്കി പ്രവർത്തകർക്കുനേരെ എറിഞ്ഞത്. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥരും പാർട്ടി ഭാരവാഹികളും ഇത് കണ്ട് ചിരിക്കുന്നതും കാണാമായിരുന്നു.