കോയമ്പത്തൂര്‍: മന്ത്രിയുടെ ശബ്ദം അനുകരിച്ച് 28 പേരെ സ്ഥലം മാറ്റി ലക്ഷങ്ങള്‍ തട്ടിയ മിമിക്രിക്കാരന് പിടിയില്‍. ഡിണ്ടുഗല്‍ സ്വദേശി സവരി മുത്തുവാണ് (30) അറസ്റ്റിലായത്. തമിഴ്നാട് വൈദ്യുതി മന്ത്രി പി. തങ്കമണിയുടെ ഉത്തരവ് പ്രകാരം അടുത്തിടെ സേലം മേട്ടൂരിലെ കല്‍ക്കരി താപനിലയത്തിലെ അസി. എന്‍ജിനീയര്‍ ജയകുമാറിനെ വൈദ്യുതി ഉല്പാദന യൂനിറ്റില്‍നിന്ന് കല്‍ക്കരി വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് കൃത്യനിര്‍വഹണത്തില്‍ വീഴ്വരുത്തിയതായി ആരോപിച്ച് സസ്പെന്‍ഡും ചെയ്തു. മന്ത്രി തങ്കമണി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്കിയ വാക്കാല്‍ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടികളെന്ന് അറിവായി. തുടര്‍ന്ന് മന്ത്രി തങ്കമണിയെ നേരില്‍കണ്ട് സംസാരിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് മന്ത്രിയെ ബന്ധപ്പെട്ടപ്പോഴാണ് കള്ളക്കളി പുറത്തായത്. ഇത്തരമൊരു ഉത്തരവ് തന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു.
ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ കാളുകള്‍ പരിശോധിച്ചപ്പോഴാണ് സവരിമുത്തുവാണ് മന്ത്രിയുടെ ശബ്ദത്തില്‍ സംസാരിച്ചതെന്ന് അറിവായത്. വൈദ്യുതി വകുപ്പില്‍ ഇത്തരത്തില്‍ 28 ജീവനക്കാരുടെ സ്ഥലമാറ്റം നടന്നതായും കണ്ടത്തെി. ഇതിനായി സവരിമുത്തുവിനെ സമീപിച്ച കേന്ദ്രങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.