നുഴഞ്ഞുകയറ്റം: കശ്മീരിൽ തീവ്രവാദി കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പൊര ഗുരേസ് സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. നിയന്ത്രണരേഖയിൽ സംശയകരമായ നീക്കംകണ്ട് നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് പറഞ്ഞു.
ഇതോടെ നാല് ദിവസത്തിനിടെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച 14 പേരെയാണ് വധിച്ചത്. എട്ടു നുഴഞ്ഞുകയറ്റശ്രമങ്ങളും വിഫലമാക്കി. അനന്ത്നാഗിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ സൈനികവാഹനത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഒരു സിവിലിയന്‍ പരിക്കേറ്റു. ബക്ഷിയാബാദ് സ്വദേശിയും നിർമാണക്കമ്പനി ജീവനക്കാരനുമായ ആരിഫിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ എസ്.എം.എച്ച്്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
