മഹാകുംഭമേളക്ക് തുടക്കം; ആദ്യദിനം 1.5 കോടി ഭക്തർ പുണ്യസ്നാനം ചെയ്തു
text_fieldsമഹാകുംഭ്നഗർ (യു.പി): ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ മഹാകുംഭമേളക്ക് തുടക്കം. 1.5 കോടി ഭക്തർ ആദ്യദിനം പുണ്യസ്നാനം ചെയ്തു. പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി സംഗമസ്ഥാനത്ത് 45 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 40 കോടിയിലധികംപേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 12 വർഷത്തിനുശേഷമാണ് മേള നടക്കുന്നത്.
144 വർഷത്തിനുശേഷമുള്ള ഏറ്റവും ശുഭകരമായ കുംഭമേളമാണ് നടക്കുന്നതെന്നും സന്യാസിമാർക്കിടയിൽ അഭിപ്രായമുണ്ട്. തിങ്കളാഴ്ച രാവിലെ 9.30വരെയുള്ള കണക്കനുസരിച്ച് 60 ലക്ഷത്തോളംപേർ സംഗമത്തിൽ മുങ്ങിയെന്നാണ് യു.പി സർക്കാർ പ്രസ്താവനയിൽ അറിയിച്ചത്. വിശ്വാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആഘോഷമാണ് കുംഭമേളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ൽ കുറിച്ചു.
രാജ്യത്തെ 13 സന്യാസി സമൂഹങ്ങളിൽനിന്നുള്ളവർ മേളയിൽ പങ്കെടുക്കുന്നുണ്ട്. മേലാസകലം ഭസ്മം പൂശിയെത്തുന്ന ഹിമാലയൻ സന്യാസിമാരും വിചിത്ര ആചാരങ്ങളും നിറയുന്ന മേളയിൽ കാഴ്ചക്കാരായി എത്തുന്നവരും ഏറെയാണ്. 10,000 ഏക്കറിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ശുചിത്വവും സുരക്ഷയും ഉറപ്പാക്കും. ഇതിനായി നിർമിത ബുദ്ധി ഉൾപ്പെടെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
55 പൊലീസ് സ്റ്റേഷനുകളും 45,000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഒരേ സമയം ഒരുകോടിയാളുകളെ വരെ ഉൾക്കൊള്ളാനാകുന്ന വിധത്തിലാണ് ‘മഹാകുംഭ് നഗർ’ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ താൽക്കാലിക നഗരം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

