ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; മേജർ ജനറൽ ഉൾപ്പെടെ മൂന്ന് സൈനിക ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsന്യൂഡൽഹി/ലേ: ലഡാക്കിലെ ലേക്ക് സമീപമുള്ള പർവതപ്രദേശമായ ടാങ്സ്റ്റെ മേഖലയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ തലനാരിഴക്ക് രക്ഷപ്പെട്ടു. മേയ് 20-ന് ഉച്ചക്ക് ശേഷം നടന്ന അപകടത്തിന്റെ വിവരങ്ങൾ ശനിയാഴ്ച രാവിലെയാണ് സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
സിംഗിൾ എഞ്ചിൻ ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കേണൽ, ഒരു മേജർ, കൂടാതെ 3-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ആയ മേജർ ജനറൽ സച്ചിൻ മെഹ്ത എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണ ഹെലികോപ്റ്ററിൽ നിന്നും ചെറിയ പരിക്കുകളോടെ മൂവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൈലറ്റുമാരെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണ്.
ഹെലികോപ്റ്റർ തകർന്നുവീണിട്ടും മൂവർക്കും ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്. അപകടത്തിന് ശേഷം പാറക്കല്ലുകൾക്കരികിൽ തകർന്ന ഹെലികോപ്റ്ററിന്റെ സമീപത്ത് ഇരുന്ന് മേജർ ജനറൽ സച്ചിൻ മെഹ്തയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും എടുത്ത 'ക്രാഷ് സെൽഫി' സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദുരന്തമുഖത്തും പതറാത്ത ഇന്ത്യൻ സൈന്യത്തിന്റെ ആത്മവിശ്വാസത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
പർവ്വത പ്രദേശങ്ങളിലെ ദുഷ്കരമായ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇവർ രക്ഷപ്പെട്ടത് “അദ്ഭുതം” എന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടകാരണം കണ്ടെത്താൻ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ അപകടം ഇന്ത്യൻ സൈന്യത്തിന്റെ കാലപ്പഴക്കം ചെന്ന ചീറ്റ ഹെലികോപ്റ്റർ വ്യൂഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. 1970-കൾ മുതൽ ഹിമാലയൻ അതിർത്തികളിലും സിയാച്ചിൻ ഗ്ലേസിയറിലും സൈന്യത്തിന്റെ പ്രധാന ആശ്രയമാണ് ഈ ഹെലികോപ്റ്ററുകൾ.
സിയാച്ചിൻ ഹിമാനിയിൽ പാകിസ്താൻ സൈനികരെ നേരിടാൻ 1984-ൽ ഓപ്പറേഷൻ മേഘദൂതിന്റെ ഭാഗമായിരുന്ന ഈ ഹെലികോപ്റ്ററുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ അപകടങ്ങളിൽ പെട്ടിട്ടുണ്ട്.തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് ചീറ്റ ഹെലികോപ്റ്ററുകൾ ഘട്ടങ്ങളായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആർമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

