ന്യൂഡല്‍ഹി: ഡ്രോണ്‍ ആക്രമണ ഭീഷണിയെ നേരിടാന്‍ ഫലപ്രദമായ സംവിധാനം സൈന്യം ഒരുക്കുമെന്ന് കരസേന മേധാവി ജനറല്‍ എം.എം. നരവനെ. ഡ്രോണുകള്‍ ആര്‍ക്കും എളുപ്പം ലഭ്യമാകുന്നുവെന്നത് സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന.
ഇന്ത്യ-പാക് സൈന്യങ്ങള്‍ ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് ശേഷം നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മീരില്‍ തീവ്രവാദികളുടെ എണ്ണം കുറഞ്ഞെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ പതുക്കെയായെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സമാധാനത്തെയും വികസനത്തെയും അട്ടിമറിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ശക്തികളുണ്ട്. അവരെ നേരിടുക തന്നെ ചെയ്യുമെന്നും വിശദാംശങ്ങള്‍ നല്‍കാതെ അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന ചര്‍ച്ചകളെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താനായി. ഫെബ്രുവരിയില്‍ സേനാപിന്മാറ്റത്തിന് ശേഷം പാങ്‌ഗോങ് സുവില്‍ സാധാരണ നില പുനസ്ഥാപിച്ചുവെന്നും കരസേന മേധാവി പറഞ്ഞു.