പാക് വെടിവെപ്പിൽ ജവാനും ഭാര്യയും കൊല്ലപ്പെട്ടു; മൂന്ന് മക്കൾക്ക് പരിക്ക്
text_fieldsജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ വീണ്ടും പാക് സൈന്യത്തിെൻറ വെടിനിർത്തൽ ലംഘനം. പാക് ഭാഗത്തുനിന്നുണ്ടായ കനത്ത ഷെല്ലാക്രമണത്തിൽ ജവാനും ഭാര്യയും കൊല്ലപ്പെടുകയും മൂന്ന് പെൺമക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സൈനിക പോസ്റ്റുകളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു പാക് ആക്രമണം. ടെറിേട്ടാറിയൽ ആർമിയിലെ ജവാൻ മുഹമ്മദ് ശൗക്കത്ത്, ഭാര്യ സഫിയാബി എന്നിവരാണ് കൊല്ലപ്പെട്ടത്. കർമാരയിലെ അവരുടെ വീട്ടിൽ ഷെല്ലുകൾ പതിച്ചാണ് മരണം. മക്കളായ സെയ്ദ കൗസർ, റുബീന കൗസർ, നാസിയബി എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശവാസിയായ മറ്റൊരാൾക്കും പരിക്കുണ്ട്. ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. മുഹമ്മദ് ശൗക്കത്ത് അവധിയിലായിരുന്നു.
പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകിയതായി സൈനിക വക്താവ് പറഞ്ഞു. മോർട്ടാർ ഷെൽ വർഷവും വെടിവെപ്പും ഗ്രാമീണരിൽ ഭീതിവിതച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് സേന വക്താവ് പറഞ്ഞു. ഒരുമാസത്തിനിടെ ഇവിടെ 23 തവണ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയതിൽ മൂന്ന് ജവാന്മാരടക്കം നാലുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അേതസമയം, ഇന്ത്യൻ സൈനികർ വെടിനിർത്തൽ ലംഘിച്ചതായി പാകിസ്താൻ ആരോപിച്ചു. ഇസ്ലാമാബാദിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി വിദേശകാര്യ ഒാഫിസ് പ്രതിഷേധം അറിയിച്ചു. നിയന്ത്രണ രേഖയിൽ ഛിരികോട്ട്, സത്വാൽ മേഖലയിൽ ഇന്ത്യൻ ഭാഗത്തുനിന്നുണ്ടയ വെടിവെപ്പിൽ രണ്ടു സിവിലിയന്മാർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും െചയ്തെന്നാണ് പാക് ആരോപണം.