‘ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണ് ആ ജീവൻ കവർന്നത്,’ തമിഴ്നാട്ടിലെ അതിഥി തൊഴിലാളിയുടെ മരണം പൗരത്വം തെളിയിക്കേണ്ട ഗതികേട് ഓർത്തെന്ന് തൃണമൂൽ കോൺഗ്രസ്
text_fieldsകൊൽക്കത്ത: തമിഴ്നാട്ടിൽ തൊഴിൽതേടിയെത്തിയ പശ്ചിമ ബംഗാൾ സ്വദേശി ജീവനൊടുക്കിയത് പൗരത്വം തെളിയിക്കേണ്ട ഗതികേട് ഓർത്തെന്ന് തൃണമൂൽ കോൺഗ്രസ്. പുർബ ബർദമൻ ജില്ലയിൽനിന്നുള്ള അതിഥി തൊഴിലാളിയായ ബിമൽ സന്ത്രയാണ് തമിഴ്നാട്ടിൽ ആശുപത്രിയിൽ മരിച്ചത്.
ബി.ജെ.പിയുടെ വിദ്വേഷരാഷ്ട്രീയത്തിനും ഭീഷണിക്കും മറ്റൊരു ഇര കൂടി എന്നായിരുന്നു ബിമൽ സന്ത്രയുടെ മരണവാർത്ത പങ്കുവെച്ച് എക്‌സിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം. എസ്.ഐ.ആർ, എൻ.ആർ.സി ഭീതിയിൽ ഏതാനും ദിവസങ്ങളിലായി മറ്റുമൂന്ന് പേർക്കുകൂടി ജീവൻ നഷ്ടമായതായും തൃണമൂൽ ആരോപിച്ചു.
കാർദാഹയിൽ നിന്നുള്ള 57കാരനായ പ്രദീപ് കാർ ആത്മഹത്യാക്കുറിപ്പിൽ എൻ.ആർ.സിയെ പഴിച്ചിരുന്നു. ജിത്പൂരിൽ നിന്നുള്ള ജിത്പുരിൽ നിന്നുള്ള 63കാരൻ എസ്.ഐ.ആർ ഭയന്നാണ് ജീവനൊടുക്കിയത്. ബീർഭമിൽ 95കാരനായ കിദിഷ് മജുംദർ ആത്മഹത്യ ചെയ്തതും ഇതേ ഭീതിയിലാണ്. ബിമൽ സന്ത്രയും ഇതേ ഭീഷണിയുടെ ഇരയാണെന്നും തൃണമൂൽ ആരോപിച്ചു.
ജോലി തേടി തമിഴ്‌നാട്ടിലെത്തിയ ബിമൽ സൻത്രയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരിക്കുകയായിരുന്നു. എസ്.ഐ.ആർ പ്രഖ്യാപിച്ചതിന് പിന്നാലെ ബിമൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
എസ്.ഐ.ആർ കൈയേറ്റം ചെയ്യാനും ആളുകളെ ഭീഷണിപ്പെടുത്താനുമുള്ള ഉപകരണമാവുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം പശ്ചിമ ബംഗാളിൽ നടക്കുന്നത് എസ്.ഐ.ആർ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആര്‍) മമത രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് എൻ.ആർ.സി അനുവദിക്കില്ലെന്ന് ആവർത്തിച്ച മമത, നടപടിയെ കഴിയുന്ന വിധമെല്ലാം ചെറുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

