അഞ്ച് അപകടം കൂടി, 20 മരണം; പലായനം തോരാദുരന്തം
text_fieldsന്യൂഡൽഹി: േലാക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ സർവതും ഉപേക്ഷിച്ച് സ്വന്തം നാട്ടിലെത്താൻ പലായനം ചെയ്യുന്നവരുടെ അപകടമരണങ്ങൾ രാജ്യത്തെ പിടിച്ചുലക്കുന്ന തോരാദുരന്തമാകുന്നു. ബിഹാർ, മഹാരാഷ്്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച നാല് അപകടങ്ങളിൽ 19 പേർ കൂടി മരിച്ചു, മേയിൽ മാത്രം ജീവൻ നഷ്ടമായത് നൂറോളം തൊഴിലാളികൾക്ക്.
ചൊവ്വാഴ്ച പുലർച്ച ആറിന് ബിഹാറിലെ ഭഗൽപുരിൽ ട്രക് മറിഞ്ഞ് ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ബസുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് ട്രക് മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ആറു ദിവസം മുമ്പ് സൈക്കിളിൽ ബംഗാളിൽനിന്ന് പുറപ്പെട്ടവർ യാത്രക്കിടെ ട്രക്കിൽ കയറുകയായിരുന്നു. മരിച്ചവർ പശ്ചിമ, പൂർവ ചമ്പാരൻ ജില്ലകളിൽനിന്നുള്ളവരാണ്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളും ബസ് ഡ്രൈവറും മരിച്ചു. ഝാർഖണ്ഡിലേക്ക് ശ്രമിക് ട്രെയിനിൽ പോകുന്നതിന് സോലാപുരിൽനിന്ന് നാഗ്പുരിലേക്ക് പുറപ്പെട്ട സംഘമാണ് പുലർെച്ച 3.30ന് അപകടത്തിൽപെട്ടത്. 22 പേർക്ക് പരിക്കേറ്റു.
ഉത്തർപ്രേദശിൽ മൂന്ന് അപകടങ്ങളിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. ഡൽഹിയിൽനിന്ന് നടന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയ സംഘമാണ് ഝാൻസി-മിർസപുർ ഹൈവേയിൽ അപകടത്തിൽപെട്ടത്. ഉത്തർപ്രദേശ്- മധ്യപ്രദേശ് അതിർത്തിയിലെത്തിയപ്പോഴാണ് ട്രക് ലഭിച്ചത്്. ട്രക്കിെൻറ ടയർ പൊട്ടിത്തെറിച്ചാണ് അപകടം. മൂന്നുസ്ത്രീകൾ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഅ്സംഗഢിൽ മദ്റസ വിദ്യാർഥികൾ സഞ്ചരിച്ച കാറും മിനി ട്രക്കും കൂട്ടിയിടിച്ചാണ് മൂന്നു പേർ മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി മൗ ജില്ലയിലെ വീടുകളിലേക്ക് പോയ വിദ്യാർഥികൾ സഞ്ചരിച്ച കാറിെൻറ ഡ്രൈവർ ഉറങ്ങിപ്പോകുകയും ട്രക്കിൽ ഇടിക്കുകയുമായിരുന്നു. മറ്റൊരു അപകടത്തിൽ, യു.പിയിലെ ബാണ്ഡ ജില്ലയിൽ ബൈക്കും ട്രാക്റ്ററും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സൂറത്തിൽനിന്ന് മടങ്ങിയ തൊഴിലാളിയാണ് മരിച്ചത്.മേയ് എട്ടിന് മഹാരാഷ്ട്ര ഔറംഗദാബാൽ റെയിൽവേ പാളത്തിൽ തളർന്നുറങ്ങിയ 16 പേർ ചരക്കുതീവണ്ടി കയറി മരിച്ചിരുന്നു.
14ന് ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായുണ്ടായ അപകടങ്ങളിൽ 19 തൊഴിലാളികളാണ് മരിച്ചത്. മേയ് 16ന് ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ബിഹാർ, ഝാർഖണ്ഡ് സ്വദേശികളായ 26 തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു. അതേദിവസം മധ്യപ്രദേശിൽ അപകടത്തിൽ അഞ്ച് പേരും 18ന് നാല് പേരും മരിച്ചു. അപകടമരണങ്ങൾ ആവർത്തിച്ചിട്ടും തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കൂടുതൽ സൗകര്യമൊരുക്കാനും അവരുടെ അപകടയാത്ര തടയാനും അധികൃതർക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
