ഐ.എൻ.എസ് വിക്രാന്തിൽ രാത്രിയിൽ പറന്നിറങ്ങി മിഗ് 29 കെ
text_fieldsഐ.എൻ.എസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം പരീക്ഷണാർഥം പറന്നിറങ്ങിയപ്പോൾ
ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ നിർമിത വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ ഇതാദ്യമായി രാത്രിയിൽ മിഗ് 29 കെ യുദ്ധവിമാനം പരീക്ഷണാർഥം പറന്നിറങ്ങി. അറേബ്യൻ കടലിലൂടെ നീങ്ങുന്ന വിക്രാന്തിൽ ബുധനാഴ്ച രാത്രിയിലായിരുന്നു ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടമെന്ന് നാവികസേന വിശേഷിപ്പിച്ച ‘നൈറ്റ് ലാൻഡിങ്’.
വിക്രാന്ത് ജീവനക്കാരുടെയും നാവികസേന പൈലറ്റുമാരുടെയും ദൃഢനിശ്ചയവും വൈദഗ്ധ്യവും പ്രഫഷനലിസവും പ്രകടമാക്കിയ പരീക്ഷണമായിരുന്നെന്നും സേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ മിഗ് 29 കെ യുദ്ധവിമാനങ്ങളും തേജസ് ജെറ്റുകളും പകൽസമയത്ത് വിക്രാന്തിൽ വിജയകരമായി ഇറക്കിയിരുന്നു. രാത്രിയിലെ ലാൻഡിങ് വിജയമാക്കിയ നാവികസേനയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഐ.എൻ.എസ് വിക്രാന്ത് കമീഷൻ ചെയ്തത്.