മിഡിൽ ഈസ്റ്റ് പ്രതിസന്ധി: ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
text_fieldsന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സുരക്ഷിതമാണെന്നും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ന്യൂഡൽഹി കർത്തവ്യ ഭവനിൽ ചേർന്ന ഇൻഫോർമൽ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സിന്റെ അഞ്ചാമത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല ആഗോള രാജ്യങ്ങളും ആഭ്യന്തര ഉപഭോഗം കുറക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമ്പോഴും ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.ആഗോള വിപണിയിലെ അസ്ഥിരതയും ഹുർമുസ് കടലിടുക്കിലെ ഉപരോധവും രാജ്യത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ കരുതൽ ശേഖരം ഇന്ത്യക്കുണ്ടെന്ന് യോഗം വിലയിരുത്തി.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണ ശേഖരം, 60 ദിവസത്തെ പ്രകൃതിവാതകം, 45 ദിവസത്തെ എൽപിജി റോളിംഗ് സ്റ്റോക്ക് എന്നിവയുണ്ട്. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ലഭ്യതയിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര പ്രതിസന്ധികളെ നേരിടാൻ 703 ബില്യൺ ഡോളറിന്റെ ശക്തമായ വിദേശനാണ്യ ശേഖരം ഇന്ത്യക്കുണ്ട്.റിസോഴ്‌സുകൾ കരുതലോടെ ഉപയോഗിക്കാനും പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ രാജ്‌നാഥ് സിംഗ് മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി.
സംഘർഷഭരിതമായ അന്താരാഷ്ട്ര അസ്ഥിരതകൾക്കുശേഷവും പെട്രോളിയം വില സ്ഥിരമായി നിലനിർത്തിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും, പല രാജ്യങ്ങളിലും ഇന്ധന വിലയിൽ 30% മുതൽ 70% വരെ വർധനവ് ഉണ്ടായതായും സർക്കാർ വ്യക്തമാക്കി. എന്നിരുന്നാലും, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ വർധനവിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ ഒായിൽ വിപണന കമ്പനികൾ പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടം ഏറ്റെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2026 ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ ജനങ്ങൾ പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കണമെന്നും കാർപൂൾ പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. വിദേശനാണയച്ചെലവ് കുറക്കുന്നതിനും ഇന്ധനസംരക്ഷണത്തിനുമായി ഇത്തരം നടപടികൾ ആവശ്യമാണ് എന്നാണ് സർക്കാർ വിലയിരുത്തൽ.
വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കുക, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക, സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് പരമാവധി കുറക്കുക, രാസവളങ്ങളുടെ ഉപയോഗം 50% കുറക്കാനും സോളാർ പമ്പുകൾ ഉപയോഗിക്കാനും കർഷകർക്കും നിർദേശങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

