ഇന്ത്യയിൽ 1.50 ലക്ഷം കോടിയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; എ.ഐയിൽ കുതിച്ചുചാട്ടം; തൊഴിൽ അവസരം ഇരട്ടിയാകും
text_fieldsമൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
ന്യൂഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപവുമായി ആഗോള ഐ.ടി ഭീമൻ മൈക്രോ സോഫ്റ്റ്. സി.ഇ.ഒ സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ബുധനാഴ്ച നടത്തിയ കൂടികാഴ്ചക്കു പിന്നാലെയാണ് ഇന്ത്യയിൽ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.
മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപത്തിനാണ് വഴിയൊരുങ്ങുന്നത്. നിർമിത ബുദ്ധി സാങ്കേതിക വിദ്യാമേഖലയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കാണ് വൻ നിക്ഷേപം. നേരത്തെ നടത്തിയ 300 കോടി ഡോളർ നിക്ഷേപത്തിന്റെ തുടർച്ചയായാണ് 1750 കോടിയുടെ (1.5 ലക്ഷം കോടി രൂപ) പ്രഖ്യാപനം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ബംഗളൂരുവിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാന സൗകര്യങ്ങളിലും ക്ലൗഡിലും മൈക്രോസോഫസ്റ്റ് വിവിധ പദ്ധതികൾ പൂർത്തിയാക്കും. അന്താരാഷ്ട്ര തലത്തിൽ അതിവേഗത്തിൽ വികസിക്കുന്ന ഇന്ത്യയുടെ ഐ.ടി സാധ്യതകൾക്ക് ശക്തിപകരുന്നതാണ് ആഗോള ഭീമന്റെ വൻ നിക്ഷേപങ്ങൾ.
പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചക്ക് നന്ദി അറിയിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല ‘എക്സ്’പേജിലൂടെ നിക്ഷേപ തീരുമാനം അറിയിച്ചു. ഇന്ത്യയുടെ എ.ഐ അവസരങ്ങളിലേക്ക് പ്രചോദനം പകരുന്നതായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച. ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായ 1.50 ലക്ഷം കോടിയുടെ പദ്ധതിയിലൂടെ രാജ്യത്തിന്റെ എ.ഐ ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യ വികസനം തുടങ്ങിയവ സാധ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സത്യ നദെല്ലയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയും ‘എക്സി’ലൂടെ സന്തോഷം പ്രകടിപ്പിച്ചു. നിർമിതബുദ്ധിയിൽ ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
സത്യ നദെല്ലയുമായി കൂടികാഴ്ച ഫലപ്രദമായിരുന്നു. മൈക്രോസോഫ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം നടത്തുന്ന സ്ഥലം ഇന്ത്യയാണെന്നത് സന്തോഷം നൽകുന്നു. രാജ്യത്തെ എ.ഐ ശേഷി നവീകരിക്കാനും വർധിപ്പിക്കാനുമുള്ള അവസരം ഇന്ത്യയിലെ യുവാക്കൾ പ്രയോജനപ്പെടുത്തും -പ്രധാനമന്ത്രി കുറിച്ചു.
ബംഗളൂരുവിലെ എ.ഐ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പുതിയ ഡാറ്റ സെന്ററും, വൈദഗ്ധ്യ പരിശീലന കേന്ദ്രവുമെല്ലാം ഉൾപ്പെടുന്നതാണ്. ലോകത്തെ മുൻനിര എ.ഐ രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതായും മൈക്രോസോഫ്റ്റ് നിക്ഷേപ വികസന പദ്ധതികളെന്ന് വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നാലു വർഷംകൊണ്ട് ഇതുവഴി 2000 കോടി ഡോളറിന്റെ നിക്ഷേപമാണ് നടക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രിയുമായി ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ നടത്തിയ കൂടികാഴ്ചയിൽ ആന്ധ്രയിലെ വിശാഖ പട്ടണത്ത് എ.ഐ ഹബ് പ്രഖ്യാപിച്ചിരുന്നു. അദാനി ഗ്രൂപ്പുമായി ചേർന്നാണ് 1500 കോടി ഡോളർ നിക്ഷേപവുമായി എ.ഐ ഹബ് ആരംഭിക്കുന്നത്. ആമസോൺ ഡാറ്റ സെന്റർ, ചിപ് നിർമാതാക്കളായ ക്വാൾകോമിന്റെ എ.ഐ. ഇന്നൊവേഷൻ സെന്റർ ഉൾപ്പെടെ പദ്ധതികളും സമീപകാലത്തായി ഇന്ത്യയിൽപ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ജനുവരിയിൽ ആരംഭിച്ച എ.ഐ നൈപുണ്യ വികസനത്തിലൂടെ 2030ഓടെ ഒരു കോടി ഇന്ത്യക്കാർക്ക് പരിശീലനം നൽകുകയാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ടയർ രണ്ട്, മൂന്ന് നഗരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും വർധിപ്പിക്കും. ഇടത്തരം നഗരങ്ങളിലെ ഒരു ലക്ഷം പെൺകുട്ടികൾക്ക് എ.ഐ പരിശീലനം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

