ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലെ പ്രായ ഇളവ് ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 2007 മുതൽ കേന്ദ്ര സർക്കാർ ജോലികളിലെ നിയമനത്തിൽ നൽകിയിരുന്ന പ്രായ ഇളവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു.
ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്ത് മാർച്ച് 28ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഗുജറാത്തിൽ 2002ലെ കലാപത്തിൽ മരിച്ചവരുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും പാരാ മിലിട്ടറി സേനകൾ, ഐ.ആർ ബറ്റാലിയനുകൾ, സംസ്ഥാന പൊലീസ് സേനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാന-കേന്ദ്ര സർക്കാർ വകുപ്പുകൾ എന്നിവയിലെ നിയമനങ്ങളിൽ പ്രായ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് ഉടനടി പിൻവലിക്കുന്നതായി അറിയിച്ചു.
2007 ജനുവരിയില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമേ, ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും സഹോദരങ്ങള്‍ക്കും പ്രായപരിധി ഇളവ് ലഭിച്ചിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി ഈ ഇളവ് നല്‍കിവരുന്നുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ൽ, ഈ ഇളവ് സി.എ.എസ്.എഫ് അടക്കമുള്ള കൂടുതല്‍ സേനകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍, ഇളവ് പിന്‍വലിച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
അതേസമയം, കലാപത്തിലെ ഇരയുടെ ബന്ധുവിന് കാരുണ്യ അടിസ്ഥാനത്തില്‍ ജോലി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 2015 ജൂലൈയില്‍ സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. കലാപത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകിയതിനാൽ, സർക്കാർ ജോലി ഉറപ്പാക്കുന്നതിന് കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് അന്ന് കോടതി പറഞ്ഞത്. ഈ വിഷയം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

