ഏറ്റവും ചെലവേറിയ ആധുനിക ഇന്ത്യൻ കലാസൃഷ്ടിയായി എം.എഫ് ഹുസൈന്റെ ‘ഗ്രാം യാത്ര’; ചിത്രം ലേലത്തിൽ പോയത് 100 കോടിയിലേറെ രൂപക്ക്
text_fieldsന്യൂയോർക്ക്: ഏറ്റവും ചെലവേറിയ ആധുനിക ഇന്ത്യൻ കലാസൃഷ്ടിയെന്ന റെക്കോർഡ് കരസ്ഥമാക്കി വിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈന്റെ ‘അൺടൈറ്റിൽഡ് (ഗ്രാം യാത്ര)’. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 13.8 മില്യൺ യു.എസ് ഡോളറിന് (118 കോടിയിലധികം രൂപ) വിറ്റ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. മുൻ റെക്കോർഡ് ഉടമയായ അമൃത ഷേർ ഗില്ലിന്റെ 1937 ലെ ‘ദി സ്റ്റോറി ടെല്ലർ’ എന്ന ചിത്രത്തേക്കാൾ ഇരട്ടിയോളമാണ് ഇതിന് ലഭിച്ചത്. 2023ൽ മുംബൈയിൽ നടന്ന ലേലത്തിൽ 7.4 മില്യൺ ഡോളറിനായിരുന്നു ഗില്ലിന്റെ ചിത്രം വിറ്റത്.
1950കളിലെ ഇതിഹാസ ചിത്രകാരൻ എം.എഫ് ഹുസൈന്റെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ സൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ് ‘ഗ്രാമ തീർത്ഥാടനം’ എന്നർത്ഥം വരുന്ന ‘ഗ്രാം യാത്ര’. ഒറ്റ കാൻവാസിൽ 14 അടി വിസ്തീർണമുള്ള 13 അതുല്യമായ പാനലുകൾ ഉൾക്കൊള്ളുന്ന ഈ ചിത്രം ഹുസൈന്റെ സൃഷ്ടിയുടെ മൂലക്കല്ലായി കണക്കാക്കപ്പെടുന്നു. പുതുതായി സ്വതന്ത്രമായ ഒരു രാജ്യത്തിന്റെ വൈവിധ്യത്തെയും ചലനാത്മകതയെയും ചിത്രം ആഘോഷിക്കുന്നു.
‘എം.എഫ് ഹുസൈന്റെ സൃഷ്ടികൾക്ക് ഒരു പുതിയ ബെഞ്ച്മാർക്ക് മൂല്യം സ്ഥാപിക്കുന്നതിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഒരു നാഴികക്കല്ലാണ്. ആധുനികവും സമകാലികവുമായ ദക്ഷിണേഷ്യൻ കലാ വിപണിയുടെ അസാധാരണമായ ഉയർച്ചയുടെ പാത തുടരുന്നു’വെന്ന് ലേലം നടത്തിയ ക്രിസ്റ്റീസ് സൗത്ത് ഏഷ്യൻ മോഡേൺ ആൻഡ് കണ്ടംപററി ആർട്ടിന്റെ തലവനായ നിഷാദ് അവാരി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

