ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ നിർത്തിവെച്ച മെട്രോ സർവിസുകൾ സെപ്റ്റംബർ മുതൽ പുനരാരംഭിക്കും. അൺലോക്ക് നാലാംഘട്ടത്തിൻെറ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ തുറക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്കൂളുകളും കോളജുകളും തുറക്കില്ല. ബാറുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകില്ല, പകരം കൗണ്ടറിലൂടെയുള്ള മദ്യവിൽപ്പന തുടരാം. നേരത്തേ തിയറ്റുകൾ സെപ്റ്റംബറിൽ തുറക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തിയറ്ററുകൾ തുറക്കാൻ നാലാംഘട്ട അൺലോക് പ്രക്രിയയിൽ അനുമതി നൽകിയിട്ടില്ല.
ഡൽഹി മെട്രോ സർവിസ് പുനരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കത്തെഴുതിയിരുന്നു. രാജ്യ തലസ്ഥാനത്തെ കോവിഡ് നിയന്ത്രിക്കാൻ കഴിഞ്ഞതായി അവകാശപ്പെട്ടായിരുന്നു ആവശ്യം ഉന്നയിച്ചത്. തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്ന് ഡൽഹി മെട്രോയും പ്രതികരിച്ചിരുന്നു. മെട്രോ സർവിസുകൾ അടച്ചിട്ടതോടെ വൻ നഷ്ടം കമ്പനികൾ നേരിട്ടിരുന്നു. ഡൽഹി മെട്രോയുടെ മാത്രം നഷ്ടം 1300 കോടി രൂപ വരും.