മെട്രോ റെയിൽ; കേരളമടക്കം സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നത് 250 കിലോമീറ്റർ, അനുമതിക്കായി സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്രം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നത് 250 കിലോമീറ്റർ മെട്രോ റെയിൽ പദ്ധതികളെന്ന് നഗരവികസന മന്ത്രാലയം. വലിയ മൂലധനനിക്ഷേപം ആവശ്യമുള്ളതുകൊണ്ട് തന്നെ വിപുലമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ മെട്രോ റെയിൽ പദ്ധതികൾക്ക് അനുമതി നൽകാനാവൂ. ഇതുകൊണ്ടുതന്നെ അനുമതികൾക്കായി പ്രത്യേക സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിൽ, രാജ്യത്തെ 25 നഗരങ്ങളിലായി ആർ.ആർ.ടി.എസ് (റീജണൽ റാപ്പിഡ് ട്രാൻസിസ്‍റ്റ് സിസ്റ്റം) ഇടനാഴികൾ ഉൾപ്പെടെ 1,083 കിലോമീറ്ററോളം മെട്രോ റെയിൽ ശൃംഖല പ്രവർത്തനക്ഷമമാണ്. 2017 ലെ മെട്രോ റെയിൽ നയം അനുസരിച്ച് വിവിധ പരിശോധനകളും വിലയിരുത്തലും നടത്തിയാണ് അനുമതി നൽകുന്നതെന്നും മന്ത്രാലയം പറഞ്ഞു.
തമിഴ്നാട്, കർണാടക, കേരളം എന്നീ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി നിലവിൽ 251.36 കിലോമീറ്റർ മെട്രോ റെയിൽ ലൈനുകളാണ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് ഭവന, നഗരകാര്യ സഹമന്ത്രി തോഖൻ സാഹു ഡിസംബർ 11 ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. ഈ സംസ്ഥാനങ്ങളിലായി ആകെ 247.68 കിലോമീറ്റർ മെട്രോ റെയിൽ ശൃംഖല നിലവിൽ പ്രവർത്തനക്ഷമമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്ന മെട്രോ റെയിൽ പദ്ധതികളിൽ ഒന്നാംസ്ഥാനത്ത് കർണാടകയാണ്. 121.16 കിലോമീറ്റർ ലൈനുകളാണ് കർണാടകത്തിൽ പുരോഗമിക്കുന്നത്. തമിഴ്നാട്ടിൽ 119 കിലോമീറ്ററും കേരളത്തിൽ 11.2 കിലോമീറ്ററും ലൈനുകളാണ് നിർമാണത്തിലിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ വലിയ മെട്രോ ശൃംഘലയും കർണാടകത്തിലാണ്. 96.1 കിലോമീറ്ററാണ് സംസ്ഥാനത്തെ പ്രവർത്തന ക്ഷമമായ മെട്രോ റെയിൽ ശൃംഘലയുടെ ദൈർഘ്യം. രണ്ടാം സ്ഥാനത്തുള്ള തെലങ്കാനയിൽ 69 കിലോമീറ്ററും, തമിഴ്നാട്ടിൽ 54.10 കിലോമീറ്ററും, കേരളത്തിൽ 28.48 കിലോമീറ്ററും മെട്രോ റെയിൽ ശൃംഘല പ്രവർത്തന ക്ഷമമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മെട്രോ റെയിൽ നയം 2017
ഇരുപത് ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങളിൽ സമഗ്ര ഗതാഗത പദ്ധതി അടിസ്ഥാനമാക്കി മെട്രോ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിടുന്നതാണ് 2017ലെ മെട്രോ റെയിൽ നയം. ഇതിന് പുറമെ, 10,000 എയർ കണ്ടീഷൻ ചെയ്ത ഇ-ബസുകൾ വിന്യസിക്കുന്നതിനായി 20,000 കോടി രൂപ വകയിരുത്തി പി.എം ഇ-ബസ് സേവാ പദ്ധതിയും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

