മെട്രോ നിർമ്മാണ സ്ഥലത്ത് നിന്ന് കല്ലുകൾ റോഡിലേക്ക് പതിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, കരാറുകാർക്കും കൺസൾട്ടന്റിനും 12.5 കോടി പിഴ
text_fieldsമുംബൈ: മുംബൈ മെട്രോ ഒമ്പതാം ലൈൻ നിർമ്മാണ സ്ഥലത്തുണ്ടായ സുരക്ഷാ വീഴ്ചയിൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താണെ ജില്ലയിലെ മീരാ ഭയന്ദർ മേഖലയിൽ പാലത്തിന് മുകളിൽ നിന്ന് ഗ്രാനൈറ്റ് കല്ലുകൾ റോഡിലേക്ക് അടർന്നുവീഴുകയായിരുന്നു. സംഭവസമയത്ത് ഇതുവഴിയെ കടന്നുപോയ ഒരു സ്കൂൾ വാഹനം അപകടത്തിൽപ്പെടേണ്ടതായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുട്ടികളുമായി വന്ന വാഹനമല്ലിത് എന്നതും വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ മേദേതിയ നഗർ സ്റ്റേഷനിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും മെറ്റീരിയലുകൾ മാറ്റുകയും ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. ക്രെയിൻ ഉപയോഗിച്ച് മാറ്റിയ മെറ്റീരിയൽ ബാസ്കറ്റ് സമീപത്തെ ഫുട് ഓവർ ബ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഗ്രാനൈറ്റ് കല്ലുകളിൽ തട്ടുകയും, തുടർന്ന് കല്ലുകൾ താഴെയുള്ള ബാരിക്കേഡ് ചെയ്ത ജോലിസ്ഥലത്തേക്ക് പതിക്കുകയുമായിരുന്നു. സ്കൂൾ വാഹനത്തിന്റെ മുകളിലേക്ക് നേരിട്ട് കല്ലുകൾ വീണിട്ടില്ലെന്നും റോഡിൽ ചിതറിക്കിടന്ന കല്ലുകൾക്ക് മുകളിലൂടെ കയറിപ്പോയ വാഹനത്തിന്റെ ടയർ പഞ്ചറാവുക മാത്രമാണുണ്ടായതെന്നും എം.എം.ആർ.ഡി.എ വിശദീകരിച്ചു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് എം.എം.ആർ.ഡി.എ കരാറുകാർക്കും കൺസൾട്ടന്റിനുമെതിരെ ആകെ 12.5 കോടി രൂപ പിഴ ചുമത്തി. പ്രധാന നിർമ്മാണ കരാറുകാരായ ജെ. കുമാർ ഇൻഫ്രാപ്രോജക്ട്സ് ലിമിറ്റഡിന് (JKIL) 10 കോടി രൂപയും, ആർക്കിടെക്ചറൽ ഫിനിഷിങ് കരാറുകാരായ എൻ.എ. ഗജാനന് 1.5 കോടി രൂപയും, ജനറൽ കൺസൾട്ടന്റായ സിസ്ട്രാ-സി.ഇ.ജി കമ്പനിക്ക് ഒരു കോടി രൂപയുമാണ് പിഴ ചുമത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ഏജൻസികളും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

