മെസ്സിയുടെ സന്ദർശനം; പൊലീസിന്‍റെ മുന്നറിയിപ്പും മുൻസർക്കാർ അവഗണിച്ചു
text_fieldsതിരുവനന്തപുരം: ഫുട്ബാൾതാരം മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ പൊലീസിന്‍റെ മുന്നറിയിപ്പും മുൻസർക്കാർ അവഗണിച്ചെന്ന വിവരങ്ങൾ പുറത്ത്. സ്വകാര്യ കമ്പനിയുമായി ചേർന്ന് നടത്തുന്ന പരിപാടി സർക്കാറിനെതിരെ ആരോപണങ്ങൾക്ക് വഴിവെക്കാമെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകിയിരുന്നത്. സ്പോൺസർമാരായി രംഗത്തുണ്ടായിരുന്നവരുടെ പശ്ചാത്തലവും മുൻകാല കേസുകളുമുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് മുന്നറിയിപ്പ്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം ഇടതുസർക്കാർ അവഗണിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിയെയും സർക്കാർ സംവിധാനങ്ങളെയും മാത്രമല്ല, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപോലും തെറ്റിദ്ധരിപ്പിച്ച് സ്പോൺസറായി എത്തിയ കമ്പനി സംഘാടകരായി മാറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടുമുണ്ട്.
സ്പോൺസർമാർക്കെതിരെ പലതരത്തിലുള്ള 20ഓളം കേസുകളുണ്ടെന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വഞ്ചനാകുറ്റത്തിന് ഉൾപ്പെടെ നിയമനടപടി നേരിടുന്നവരാണ് സ്പോൺസർമാരെന്ന പൊലീസ് മുന്നറിയിപ്പും അവഗണിച്ചാണ് അർജന്‍റീന ടീമിനെ കൊണ്ടുവരാമെന്ന സ്പോൺസറുടെ വാഗ്ദാനം വിശ്വസിച്ച് സർക്കാർ മുന്നോട്ട് പോയത്. ഇതിനുപുറമെ, സർക്കാർ സംവിധാനങ്ങളുൾപ്പെടെ സ്വകാര്യ കമ്പനിക്കായി വിനിയോഗിച്ചെന്നും തെളിയുന്നു.
കോടികൾ മുടക്കി അർജന്‍റീനയെ കൊണ്ടുവരാമെന്ന കമ്പനിയുടെ ഉറപ്പിലും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. സ്പോൺസറുടെ ഫണ്ടിന്‍റെ ഉറവിടം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യവും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗഹൃദമത്സരവുമായി ബന്ധപ്പെട്ട് സ്പോൺസർ മുന്നോട്ടുവെച്ച കാര്യങ്ങളിൽ അന്താരാഷ്ട്ര മത്സരം നടത്തേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.
സ്വകാര്യ ചാനലിന്‍റെ പ്രചാരണമായി മാറുംവിധമാണ് പരിപാടി തയാറാക്കിയത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് സർക്കാറിന് തിരിച്ചടിയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് സർക്കാർ സ്പോൺസർക്ക് വേണ്ടി എല്ലാകാര്യങ്ങളും ചെയ്തത്. സ്പോൺസർക്കുവേണ്ടി നയതന്ത്ര ഇടപെടൽ പോലും കായിക സെക്രട്ടറിയെ ഉപയോഗിച്ച് നടത്തിയത് വളരെ ഗുരുതരമായ കാര്യമാണ്.
കരാറിൽനിന്ന് പിന്മാറാനുള്ള അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) തീരുമാനത്തിനെതിരെ മന്ത്രി കത്തയച്ചതും സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. സ്പോൺസർക്കായി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത ഇളവുകളുൾപ്പെടെ നൽകിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതെല്ലാം കഴിഞ്ഞസർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

