ലോ വേയ്സ്റ്റ് ധരിക്കുന്ന ആൺകുട്ടികൾ സഹോദരിമാരെ സംരക്ഷിക്കുന്നതെങ്ങനെ? -വനിതാ കമീഷൻ
text_fieldsജയ്പൂർ: സ്വന്തം ട്രൗസർ പോലും നേരെ ഉപയോഗിക്കാൻ അറിയാത്ത, ലോ വേയ്സ്റ്റ് ജീൻസ് ധരിക്കുന്ന ആൺകുട്ടികൾ എങ്ങനെ അവരുെട സഹോദരിമാരെ സംരക്ഷിക്കുമെന്ന് രാജസ്ഥാൻ വനിതാ കമീഷൻ ചെയർപേഴ്സൺ. വനിതാ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് വനിതാ കമീഷൻ അധ്യക്ഷ സുമൻ ശർമയുടെ പ്രസ്താവന.
സ്വാതന്ത്ര്യത്തിെൻറ പേരിൽ സ്ത്രീകൾ നിയന്ത്രണമില്ലാത്ത തരത്തിൽ പെരുമാറിയാൽ അത് സമൂഹത്തിൽ അസന്തുലിതാവസ്ഥക്കിടയാക്കുമെന്നും സുമൻ ശർമ പറഞ്ഞു.
മുമ്പ് സ്ത്രീകൾ വിരിഞ്ഞ മാറുള്ള പുരുഷൻമാരെ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരക്കാരെ കാണാറില്ല. മറിച്ച് ലോ വേയ്സ്റ്റ് ജീൻസ് ധരിക്കുന്ന കുട്ടികളാണ് എവിടെയും. സ്വന്തം ട്രൗസറുകൾ പോലും നേരെ ചൊവ്വേ കൈകാര്യം ചെയ്യാൻ കഴിയാത്ത ഇവർ സഹോദരിമാരെ എങ്ങനെ സംരക്ഷിക്കാനാണെന്ന് ശർമ ചോദിച്ചു. സംസ്ഥാന ബി.ജെ.പിയുടെ വനിതാ വിഭാഗം മുൻ മേധാവിയായിരുന്നു സുമൻ.
പെൺകുട്ടികൾ സീറോസൈസാകാൻ പരിശ്രമിക്കുകയും ആൺകുട്ടികൾ കമ്മലിട്ട് പെൺവേഷത്തിൽ നടക്കുകയും ചെയ്യുന്ന കാലമാണിത്. ഇതിൽ നിന്ന് മാറ്റം വരണം. നമ്മുടെ ആൺകുട്ടികളെ വിരിഞ്ഞ മാറുള്ളവരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സുമൻ പറഞ്ഞു.
പുരുഷൻമാരെ പിന്നിലാക്കിയാൽ സ്ത്രീകൾക്ക് വളരെ ദൂരം സഞ്ചരിക്കാനാവില്ല. സമാന്തരമായി സഞ്ചരിച്ചാൽ മാത്രമേ സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കൂ. നമ്മുടെ കുട്ടികൾക്ക് മൂല്യങ്ങൾ പകർന്നു നൽകുമെന്നും നല്ല സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുമെന്നും സ്ത്രീകൾ പ്രതിജ്ഞയെടുക്കണമെന്നും സുമൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
