‘ഇത് ഹിന്ദു രാഷ്ട്രമാണ്, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ പാടില്ല...’ -ക്രിസ്മസ് തൊപ്പി വിറ്റ വഴിയോര കച്ചവടക്കാർക്ക് ഭീഷണി VIDEO
text_fieldsഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസിന് മുന്നോടിയായി സാന്‍റാ തൊപ്പി വിൽക്കുകയായിരുന്ന വഴിയോര കച്ചവടക്കാർക്കുനേരെ ഭീഷണിയുമായി ഹിന്ദുത്വ പ്രവർത്തകർ. സംസ്ഥാനം ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്നും ഇവിടെ ‘ക്രിസ്ത്യൻ വസ്തുക്കൾ’ വിൽക്കാൻ പറ്റില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇവർ തന്നെ ചിത്രീകരിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വഴിയോര കച്ചവടക്കാരോട്, എവിടെ നിന്നുള്ളവരാണെന്നും ഹിന്ദുക്കളാണോ എന്നും ഹിന്ദുത്വ പ്രവർത്തകർ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തങ്ങൾ ഹിന്ദുക്കളാണെന്നും രാജസ്ഥാനിൽ നിന്നാണ് വരുന്നതെന്നും രണ്ട് വഴിയോര കച്ചവടക്കാർ പറഞ്ഞു. ദാരിദ്ര്യം കാരണമാണ് സാന്‍റാ തൊപ്പികൾ വിൽക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇതോടെ ‘ഇവിടെ, ഭഗവാൻ ജഗന്നാഥന് മാത്രമേ ഭരിക്കാൻ കഴിയൂ. ഹിന്ദുക്കളായ നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ സാധിക്കുന്നു? വേഗം സാധനങ്ങൾ എല്ലാമെടുത്ത് ഇവിടെ നിന്ന് പോകൂ. എന്തെങ്കിലും വിൽക്കുകയാണെങ്കിൽ ഭഗവാൻ ജഗന്നാഥന്റെ സാധനങ്ങൾ വിൽക്കുക’ -എന്നായിരുന്നു ഹിന്ദുത്വ പ്രവർത്തകരുടെ ആക്രോശം. ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കുന്നില്ലെങ്കിൽ ഒഡീഷയിൽ സാധനങ്ങൾ വിൽക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും സംഘം അറിയിച്ചു.
ദൃശ്യങ്ങൾ വൈറലായതോടെ വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചത്. 2024-ൽ സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് സ്ഥിതിഗതികൾ ഇങ്ങനെ ആയതെന്ന് നിരവധി പേർ വീഡിയോയിൽ കമന്‍റ് ചെയ്തു.
A poor mam was selling Santa caps for Christmas
— Roshan Rai (@RoshanKrRaii) December 22, 2025
A fringe goon came , started threatening and abusing him while saying that this is Hindu Rashtra, We will not let anyone celebrate Christian festivals.
Welcome to New Odisha under BJP.
pic.twitter.com/Ff85rR47Va
കേരളത്തിൽ ആർ.എസ്.എസ് നിയന്ത്രണത്തിലെ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.എസ്.എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാൻ നീക്കം. പല അൺ എയ്‌ഡഡ് സ്കൂളുകളിലും ആർ.എസ്.എസ് നേരിട്ട് നടത്തുന്ന എയ്‌ഡഡ് സ്കൂളുകളിലുമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷം വിലക്കിയെന്ന വാർത്ത ഗൗരവത്തിലാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണിത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡൽ ഇവിടെ അനുവദിക്കില്ല. ജാതി-മത ചിന്തകൾക്കപ്പുറം ഒന്നിച്ച് പഠിച്ച് വളരുന്ന വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്ത് പാകാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു. ആർ.എസ്.എസ് അതിന്റെ നൂറാം വാർഷികം പിന്നിടുമ്പോൾ രാജ്യത്ത് വർഗീയ വിഭജന രാഷ്ട്രീയം കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡി.വെ.എഫ്.ഐ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ ക്രിസ്മസ് അവധിയില്ല
ലഖ്നോ: ഇക്കുറി ക്രിസ്മസിന് സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് യു.പി സർക്കാർ അറിയിച്ചു. വിദ്യാർഥികൾക്ക് ക്രിസ്മസ് അവധിയില്ല. പകരം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നാണ് യു.പി സർക്കാറിന്റെ നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. മുൻവർഷങ്ങളിൽ യു.പിയിൽ ക്രിസ്മസിന് അവധി നൽകിയിരുന്നു.
എന്നാൽ, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. ഡിസംബർ 25 മുതൽ ജനുവരി അഞ്ച് വരെയാണ് രാജസ്ഥാനിലെ ക്രിസ്മസ് അവധി. ഡിസംബർ 22 മുതൽ ജനുവരി 10 വരെയാണ് പഞ്ചാബിലെ ക്രിസ്മസ് അവധി. കേരള, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ദീർഘകാലത്തേക്ക് ക്രിസ്മസ് അവധി ലഭിക്കും. കേരളത്തിൽ ഡിസംബർ 24ന് അടക്കുന്ന സ്കൂളുകൾ ജനുവരി അഞ്ചിനാണ് തുറക്കുക. ഡൽഹി, ഹരിയാന, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

