വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; അധ്യാപകന് ക്ലാസ് മുറിയിൽ മർദനം
text_fieldsചെന്നൈ: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ മുന്നിൽവെച്ച് നാട്ടുകാർ മർദിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമല ചെങ്കം നാച്ചിപട്ട് ഗവ.ൈഹസ്കൂളിലെ കണക്ക് അധ്യാപകനായ കണ്ണനാണ്(48) മർദനമേറ്റത്.
സ്പെഷൽ ക്ലാസ് സമയത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. പൂജ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലേക്ക് പോകാൻ പെൺകുട്ടി വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തായത്.
വിദ്യാർഥിനിയുടെ കുടുംബാംഗങ്ങളും നാട്ടുകാരുമടങ്ങിയ 20 അംഗസംഘം സ്കൂളിലെത്തി ക്ലാസ്മുറിയിലേക്ക് ഇരച്ചുകയറി കണ്ണനെ മർദിക്കുകയായിരുന്നു. സംഭവം കണ്ട് ക്ലാസിലെ കുട്ടികൾ നിലവിളിച്ചു. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.