ജന്തർ മന്ദിറിനെ ഇളക്കിമറിച്ച് സി.ജെ.പിയുടെ ട്രോൾ പോസ്റ്ററുകൾ
text_fieldsന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാന വിഷയങ്ങൾക്ക് പുറമെ അവർ കൊണ്ടുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ കടുത്ത ആക്ഷേപഹാസ്യ മീമുകൾ ഉപയോഗിച്ചാണ് ഗുരുതരമായ പ്രശ്നങ്ങൾ പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയത്.
ജനപ്രിയ സംസ്കാരത്തെ മുൻനിർത്തിയുള്ള ബാനറുകളാണ് ജനങ്ങൾ കൈയിലേന്തിയിരുന്നത്. ലാപ്ടോപ്പ് കഴുകുന്ന 'ഗോപി ബാഹു മീം' മുതൽ ഈയടുത്ത് വൈറലായ '#മെലോഡി' വരെ യുവാക്കളുടെ പ്രതിഷേധത്തിൽ ഇടംപിടിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പരാമർശവും പോസ്റ്ററുകളിൽ ഉണ്ടായിരുന്നു. "പേപ്പർ ചോർച്ച എപ്പോൾ അവസാനിക്കും? മെലോഡി കഴിക്കൂ, സ്വയം അറിയൂ" എന്നായിരുന്നു ഒരു പോസ്റ്റർ. കഴിഞ്ഞ മേയിൽ ഇറ്റലിയിൽ വെച്ച് പ്രധാനമന്ത്രി മോദി ജോർജിയ മെലോനിക്ക് ഒരു പാക്കറ്റ് മെലഡി മിഠായികൾ സമ്മാനിച്ചിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.
ചില പോസ്റ്ററുകളിൽ 'മിസ്സിംഗ് രാഘവ് ഛദ്ദ' എന്നായിരുന്നു. മുൻ ആം ആദ്മി പാർട്ടി നേതാവായിരുന്ന ഛദ്ദ, ആറ് പേർക്കൊപ്പം അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. ഏഴ് രാജ്യസഭാ എം.പിമാരുടെ ഈ അപ്രതീക്ഷിത ലയനം ഇന്ത്യൻ രാഷ്ട്രിയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.
മേയിൽ നടന്ന നീറ്റ്-യുജി പേപ്പർ ചോർച്ചയുമായും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ പേപ്പറുകൾ പരിശോധിക്കുന്നതിനുള്ള ഓൺ-ക്രീൻ മാർക്കിംഗ് സിസ്റ്റത്തിലെ അപാകതകളുമായും ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം. ജൂൺ 21-ന് നടക്കുന്ന നീറ്റ്-യുജി പുനപരീക്ഷക്ക് തൊട്ടുമുമ്പത്തെ ദിവസമാണ് ഈ പ്രതിഷേധം നടന്നത്.
പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും വൈകുന്നേരം 5 മണിക്ക് ശേഷം സമയം കഴിഞ്ഞുവെന്ന് കാണിച്ച് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. എന്നാൽ കേന്ദ്രമന്ത്രി പ്രധാന്റെ രാജി ആവശ്യപ്പെട്ട് വൈകുന്നേരം 6 മണിക്കും ജന്തർ മന്തറിലേക്ക് എത്താൻ അഭിജീത് ദിപ്കെ ജനങ്ങളോട് ആവശ്യപ്പെട്ടു.
പൊലിസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അദ്ദേഹം സംഭവസ്ഥലത്ത് നിന്ന് വീഡിയോ സന്ദേശവും പുറത്തുവിട്ടു. കൊവിഡ് കാലത്ത് പാത്രങ്ങൾ കൊട്ടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെ ഓർമ്മിപ്പിച്ചുകൊണ്ട്, പ്രതിഷേധക്കാരോട് കൈയിൽ 'പ്ളേറ്റും' 'സ്പൂണും' കരുതാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

