യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: മെയ്തേയി വനിതകൾ പ്രതിഷേധിച്ചു
text_fieldsഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ ചുരാചന്ദ്പുർ ജില്ലയിൽ മെയ്തേയി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മെയ്തേയി വനിതകളുടെ കൂട്ടായ്മയായ മീരാ പൈബിസ് അഞ്ച് ജില്ലകളിൽ പ്രതിഷേധപ്രകടനം നടത്തി. ചുരാചന്ദ്പുരിലെ ഖുമുജംബ ലെയ്കൈയിൽ അക്രമികൾ തീവെച്ച വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ആറോളം വരുന്നയാളുകൾ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
മേയ് മൂന്നിന് നടന്ന സംഭവത്തിൽ കഴിഞ്ഞദിവസമാണ് യുവതി പരാതി നൽകിയത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കെയ്സാമ്പത്ത്, ഉറിപോക്ക്, സിങ്ജമേയ് പ്രദേശങ്ങളിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കോങ്ബ, ഖുറൈ എന്നിവിടങ്ങളിലും ബിഷ്ണുപുർ, കച്ചിങ്, തൗബൽ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.
അക്രമികളെ പിടികൂടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മ്യാന്മറിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കർ പറഞ്ഞറിയിക്കാനാകാത്ത കുറ്റകൃത്യങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ‘മീരാ പൈബിസ്’ പ്രസിഡന്റ് ലോങ്ജാം മെംചൗബി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

